മണ്ണടി ചെട്ടിയാരഴികത്ത് പാലം അപ്രോച്ച് റോഡ് നവീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍


പത്തനംതിട്ട : മണ്ണടിയെ കുളക്കടയുമായി ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റോഡ് പുനരുദ്ധാരണത്തിന് എംഎല്‍എ ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അടൂര്‍ ബൈപ്പാസ് റോഡില്‍ വട്ടത്തറപടി ഭാഗത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലെ ഉദ്യോഗസ്ഥരുടെ വിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടെത്താന്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. അടൂര്‍ റവന്യൂ ടവറില്‍ നിന്ന് ഡിക്‌സന്‍ ടൂറിസ്റ്റ് ഹോം വഴി കെപി റോഡിലേക്ക് പോകുന്ന ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് ക്രമീകരിക്കാന്‍ ട്രാഫിക് എസ്‌ഐയെ ചുമതലപ്പെടുത്തി.
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും തേപ്പുപാറ - അടൂര്‍, അടൂര്‍ -മാങ്കൂട്ടം - കൈതപ്പറമ്പ് -തട്ടാരപടി - ഏനാത്ത് - കൊട്ടാരക്കര, അടൂര്‍ തുവയൂര്‍ ചെട്ടിയാരിഴികത്ത് പാലം വഴി കൊല്ലം ,അടൂര്‍ - പഴകുളം - പള്ളിക്കല്‍ - ആനയടി - കരുനാഗപ്പള്ളി സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, തഹസീല്‍ദാര്‍ സാം ജോണ്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.