ശബരിമലയിലെ മാലിന്യപ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം ഉറപ്പാക്കും; സമഗ്ര പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും: നിയമസഭാ പരിസ്ഥിതി സമിതി
പത്തനംതിട്ട : ശബരിമലയിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണത്തിനും മാലിന്യപ്രശ്നങ്ങൾക്കും സുസ്ഥിരമായ പരിഹാരം കാണണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പമ്പയിലെയും സന്നിധാനത്തെയും ശുചിത്വ പരിപാലനം കുറ്റമറ്റതാക്കുന്നതിനും തീർത്ഥാടന പാതയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് സമിതി നിർദ്ദേശിച്ചു. എരുമേലി, പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവയെ സംയോജിപ്പിച്ചുള്ള സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും സമിതി വ്യക്തമാക്കി.
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ സമിതി ചെയർമാൻ സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശങ്ങൾ. സമിതി അംഗങ്ങളായ ചാണ്ടി ഉമ്മൻ എംഎൽഎ, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ഫൈസൽ ബാബു എംഎൽഎ, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ, പോലീസ് പമ്പ സ്പെഷ്യൽ ഓഫീസർ പി നിയാസ്, റാന്നി ഡിഎഫ്ഒ ആരുൾ സെൽവം, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടർ സുരേഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ, പോലീസ്, മറ്റ് വിവിധ സർക്കാർ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, സന്നദ്ധസേനകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളും അന്നദാനവും ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളും അഭിനന്ദനാർഹമാണെന്ന് ചെയർമാൻ സജീവ് ജോസഫ് പറഞ്ഞു. എന്നാൽ പുഴകളിലേക്ക് തുണികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമായി തുടരുകയാണ്. ശുചിത്വ പരിപാലനം നൂറുശതമാനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിവെള്ളം, അടിയന്തിര ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ ലഭ്യമാണെങ്കിലും പരിസ്ഥിതി മലിനീകരണം ഗൗരവത്തോടെ കാണണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. പുണ്യനദിയിൽ തുണികളും പ്ലാസ്റ്റിക്കും ഉപേക്ഷിക്കുന്നത് തടയണം. ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്ന നിലയിലുള്ളത് ആശങ്കാജനകമാണ്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എരുമേലിയിലെ റോഡുകളുടെ വീതിക്കുറവും കയ്യേറ്റങ്ങളും പരിഹരിക്കേണ്ടതുണ്ട്. എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവയെ ശബരിമലയുടെ ഭാഗമായിത്തന്നെ കണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ മണ്ഡലകാലത്തുതന്നെ സമിതി വീണ്ടും സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടുന്ന എരുമേലി വലിയതോട്ടിലെ മലിനീകരണം കാരണം ആളുകൾക്ക് കുളിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എം ജെ സെബാസ്റ്റ്യൻ എംഎൽഎ ചൂണ്ടിക്കാട്ടി. വിലക്ക് ലംഘിച്ച് സോപ്പ് ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കുന്നതും കർശനമായി തടയണം. മാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കണം. വെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തരംതിരിച്ച മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുമ്പോൾ അവ വാഹനത്തിൽ ഒരുമിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ രീതി കർശനമായി ഒഴിവാക്കി, തരംതിരിച്ച മാലിന്യങ്ങൾ അതത് വിഭാഗങ്ങളായി പ്രത്യേകമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഫൈസൽ ബാബു എംഎൽഎ പറഞ്ഞു. ഭക്തരോട് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട്കണ്ട് സംസാരിച്ചിരുന്നതിൽ നിന്നും അവരുടെ സന്തോഷവും സംതൃപ്തിയും മനസിലാക്കാൻ സാധിച്ചു. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാൻ പരിസ്ഥിതി സമിതി കൂടുതൽ കാര്യക്ഷമായ ഇടപെടൽ നടത്തും. പരിസ്ഥിതി സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ശബരിമലയിലേക്ക് ട്രാക്ടർ വാഹനങ്ങൾ കയറ്റുന്നത് ഒഴിവാക്കി ബദൽമാർഗങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനമേഖലയിലെ സൂക്ഷ്മജീവി സംരക്ഷണ പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്, ഇതിൽ ആവശ്യമായ നടപടി കൈക്കൊള്ളും. മലിനജലത്തിൽ നിന്നും എണ്ണ മാറ്റുന്നതിന് നടപടി സ്വീകരിക്കണം. മലിനീകരണ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. ശുചിത്വ തൊഴിലാളികൾക്കുള്ള പരിശീലനവും അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകിയുള്ള സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സമിതി നിർദ്ദേശിച്ചു.
തീർത്ഥാടകർക്ക് ബുദ്ധിമുട്ടുകളില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സമയബന്ധിതമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. തീർത്ഥാടന പാതകളിൽ പരിമിതമായ സ്ഥലത്തു തന്നെ മികച്ച സേവനങ്ങൾ നൽകുവാനും ഇത്തവണ കഴിഞ്ഞു. തീർത്ഥാടകർ വരുന്ന വഴികളിലും ഭക്ഷണശാലകളിലും ശുചിമുറികളുടെ പരിസരത്തും എല്ലാം തന്നെ ശുചീകരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതും ബോധ്യപ്പെട്ടതായി സമിതി വ്യക്തമാക്കി.
എരുമേലി, പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവയെ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് സമഗ്ര തീർത്ഥാടന പദ്ധതി റിപ്പോർട്ട് തയ്യാറാക്കണമെന്നും സമിതി നിർദേശം നൽകി. സമിതിയ്ക്ക് മുൻപാകെ വിവിധ വകുപ്പുകൾ സമർപ്പിച്ച വിഷയങ്ങളും പരിഹാര നിർദേശങ്ങളും ഉൾപ്പെടുത്തി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അറിയിച്ചു.
.jpg)

