റേഷൻകട വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണം: ഭക്ഷ്യ സുരക്ഷ കമ്മീഷൻ
പത്തനംതിട്ട : റേഷൻകട വിജിലൻസ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഗ്രാമസഭ മുഖേന തിരഞ്ഞെടുത്ത് നൽകി പ്രവർത്തനം ഊർജിതമാക്കണമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗം കെ എൻ സുഗതൻ. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ചേർന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ജില്ലാതല അവലോകന യോഗത്തിലാണ് നിർദേശം.
അമൃതം ന്യൂട്രീമിക്സ് യൂണിറ്റുകളിൽ കമ്മീഷന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ഇവിടെ ജോലി ചെയ്യുന്നവർക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും ഐസിഡിഎസും സംയുക്തമായി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റേഷൻ കടകളിൽ ജില്ല സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർച്ചയായ പരിശോധനയുണ്ട്. ക്രമകേടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുന്നു. 2026 ഫെബ്രുവരി മുതൽ ജൂൺ വരെ ജില്ലയിൽ 4.46 ലക്ഷം രൂപ ഈ ഇനത്തിൽ പിഴ ഈടാക്കി.
ഉന്നതികളിലെ റേഷൻ വിതരണം കൃത്യമായി നടക്കുന്നു. അപേക്ഷ സമർപ്പിച്ച എല്ലാവർക്കും റേഷൻ കാർഡ് നൽകി. മലപണ്ടാരം കുടുംബങ്ങൾക്ക് അരി ഉൾപ്പെടെ 12 ഓളം പലവ്യഞ്ജന സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അധ്യയന വർഷരാംഭത്തിൽ സ്‌കൂളുകളിൽ കുടിവെള്ളം പരിശോധന നടത്തിയിരുന്നു. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. 2026 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള പൊതുവിപണി പരിശോധന റിപ്പോർട്ട് അവതരിപ്പിച്ചു.
എഡിഎം ആർ രാജലക്ഷ്മി അധ്യക്ഷയായി. ജില്ല സപ്ലൈ ഓഫീസർ ആർ രാജീവ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

