പത്തനംതിട്ട ജില്ലയിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങി ആവർത്തിച്ചുവരുന്ന ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത പ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ കാലവർഷക്കെടുതി ജില്ലയെ സാരമായി ബാധിച്ചു. ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിന്റെ ആഘാതം കുറയ്ക്കാൻ നമുക്ക് കഴിയണം. ഇതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ദുരന്ത പ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നത്. എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം പദ്ധതി രൂപീകരണത്തിൽ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
പദ്ധതി തയ്യാറാക്കുന്നതിനോടൊപ്പം ദുരന്തനിവാരണത്തിന് കൃത്യമായ ആസൂത്രണവും ആവശ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദുരന്തനിവാരണ, പരിസ്ഥിതി വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചാൽ എന്തു ചെയ്യണമെന്നുള്ളതിൽ പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകണം. ഫലപ്രദമായ ഭൂവിനിയോഗ ആസൂത്രണത്തിനും ഏറെ പ്രധാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയുടെ രൂപരേഖയും ദുരന്തസാധ്യതയും സംബന്ധിച്ച് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ വിഷയാതവതരണം നടത്തി. ദുരന്ത ലഘൂകരണത്തിനായി സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി കാര്യക്ഷമമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. സൈറണുകൾ, മഴമാപിനികൾ, നദികളിൽ ക്യാമറ, സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത്, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള റൂട്ടിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഒരേ അപകട സാധ്യതകളുള്ള പ്രദേശങ്ങളെ ചെറിയ ഭൂപ്രകൃതി മേഖലകളായി തിരിച്ചുകൊണ്ടുള്ള പോളിഗൺ രീതി, വിവിധ വകുപ്പുകളിൽ നിന്ന് ഡേറ്റ ശേഖരിച്ച് സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കൽ, വരൾച്ച നിയന്ത്രണത്തിനും പ്രളയനിർമാർജനത്തിനുള്ള മാർഗങ്ങൾ തുടങ്ങിയവ എങ്ങനെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് കലക്ടർ വിശദീകരിച്ചു. ഈ വർഷം ഡിസംബറിൽ ആരംഭിച്ച് 2027 നവംബറോടെ പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലാവസ്ഥയും ആഘാതവും എന്ന വിഷയത്തിൽ കുസാറ്റിലെ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. എസ് അഭിലാഷ് ക്ലാസ് നയിച്ചു.ദുരന്ത പ്രതിരോധശേഷിക്കായി നീർത്തട അടിസ്ഥാന ആസൂത്രണത്തിലൂടെയുള്ള പ്രകൃതി വിഭവങ്ങളുടെ മാനേജ്മെൻ് എന്ന വിഷയത്തിൽ മണ്ണ് സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് അരുൺകുമാറും ദുരന്തനിവാരണത്തിൽ തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ പങ്ക് എന്ന വിഷയത്തിൽ കില അസോസിയേറ്റ് പ്രൊഫസർ ഡോ. മോനിഷ് ജോസും അവതരണം നടത്തി.
പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ വിജയൻ, ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത്ത് ശ്രീനിവാസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


