പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവും തിരുവാഭരണമാളികയും പത്തനംതിട്ട ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

google news
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവും തിരുവാഭരണമാളികയും പത്തനംതിട്ട  ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ എ ഷിബു പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു.തിരുവാഭരണദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ത്ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റു പ്രദേശങ്ങളിലും ഇടത്താവളങ്ങളിലും വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 

തീര്‍ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാം പൂര്‍ണമായ തോതില്‍ പൂര്‍ത്തീകരിച്ചു എന്നും എല്ലാ സൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, തീര്‍ഥാടകര്‍ എത്തുന്ന കുളിക്കടവുകള്‍ എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശിച്ചു.

അടൂര്‍ ആര്‍ഡിഒ  എ തുളസീധരന്‍ പിള്ള, പന്തളം കൊട്ടാരം ട്രഷറര്‍ ദീപ വര്‍മ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ പുഷ്പലത, കെ ആര്‍ ഗൗരി, ഉപദേശക സമിതി പ്രസിഡന്റ് പി.പൃഥ്വിപാല്‍, ആചാര സമിതി കമ്മിറ്റി അംഗം ശശി കുളനട, പന്തളം വില്ലേജ് ഓഫീസര്‍ രേണു രാമന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Tags