വികസിത ഗ്രാമപഞ്ചായത്ത് പദ്ധതി: ബ്ലോക്ക്തല ശിൽപ്പശാല സംഘടിപ്പിച്ചു
പന്തളം: വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസിത ഗ്രാമപഞ്ചായത്ത് പ്ലാൻ തയ്യാറാക്കുന്നതിനും വിവിധ സ്റ്റേക്ക് ഹോൾഡർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ബ്ലോക്ക്തല ശിൽപ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലും അടുത്ത അഞ്ചുവർഷത്തേക്ക് ഏറ്റെടുക്കേണ്ട വികസന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും മുൻഗണനാ പദ്ധതികൾ രൂപീകരിക്കുന്നതിനുമാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കെ. ഇ വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികളാണ് ശിൽപ്പശാലയിൽ ചർച്ചയായത്. അങ്കണവാടികളിൽ ഇന്റർലോക്ക് പാകൽ, സ്കൂളുകൾക്ക് ചുറ്റുമതിൽ നിർമാണം, പൊതുറോഡുകളുടെ നിർമാണവും നവീകരണവും തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഓരോ ഗ്രാമപഞ്ചായത്തിന്റെയും പ്രാദേശിക ആവശ്യങ്ങൾക്കും വികസന മുൻഗണനകൾക്കും അനുസൃതമായി പദ്ധതികൾ കണ്ടെത്തുന്നതിനും ചർച്ച നടന്നു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എ രാജേഷ് കുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോമോൻ, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് സ്കറിയ, വിലാസിനിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏദൻ എസ്. ജോർജ്, രഞ്ജു എം. ജോയ്, ടി. സി സന്തോഷ്കുമാർ, അപർണ ആർ. ഉത്തമൻ, ഷീജ പ്രമോദ് എന്നിവരും സംസാരിച്ചു.
തുടർന്ന് പ്രതിനിധികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അതത് പ്രദേശങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും വിലയിരുത്തി. ഓരോ പഞ്ചായത്തിനും അനുയോജ്യമായ പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ ഗ്രൂപ്പ് ചർച്ചകളിലൂടെ രൂപീകരിച്ചു. അടുത്ത അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശയും മുൻഗണനയും നിശ്ചയിക്കുന്നതിനുള്ള ആശയരൂപീകരണവും നടന്നു. ജോയിന്റ് ബി.ഡി.ഒ അനീഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്തുകളുടെ സജീവ പങ്കാളിത്തത്തോടെ പ്രാദേശിക വികസന ആവശ്യങ്ങൾ കണ്ടെത്തി സമഗ്രമായ വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
.jpg)

