കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധ നൽകണം: സി. വി ശാന്തകുമാർ എം.എൽ.എ
പത്തനംതിട്ട : കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ശ്രദ്ധ നൽകണമെന്ന് സി.വി. ശാന്തകുമാർ എം.എൽ.എ പറഞ്ഞു. ലോക കാഴ്ച ദിനാചരണത്തിന്റെയും സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിലും മുതിർന്നവരിലും കാഴ്ചശക്തിയെ ബാധിക്കുന്നു. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ മൊബൈൽ ഫോണിൽ വീഡിയോ കാണിച്ചു കൊടുക്കുന്ന രീതി വർധിച്ചുവരുന്നു. ഇത്തരം ശീലങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ കാഴ്ചവൈകല്യങ്ങൾ ഉണ്ടാകുന്നതിനും കണ്ണടകൾ ഉപയോഗിക്കേണ്ട സാഹചര്യങ്ങൾക്കും ഇടയാക്കുന്നു.
ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുന്നതിന് കണ്ണിന്റെ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ പരമാവധി ഒഴിവാക്കണം. കാഴ്ച സംരക്ഷണത്തിനൊപ്പം നേത്രദാനത്തിന്റെ പ്രാധാന്യവും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാ ദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ. മണികണ്ഠൻ മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ് കാഴ്ച ദിന സന്ദേശവും നൽകി. ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സലീം, കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ജോൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക വിനയൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജീവൻ കെ. നായർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പവിത്ര പ്രദീപ്, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ എം.സി. അജിത് കുമാർ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എം.പി. ബിജുകുമാർ, ആർ. ദീപ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന് ഡോ. ശ്രുതി, ഡോ. പവിത്ര പ്രദീപ് എന്നിവർ നേതൃത്വം നൽകി.
.jpg)


