ലേബർ കോഡുകൾ പിൻവലിക്കുക; തിരുവല്ലയിൽ സിഐടിയു മാർച്ചും ധർണയും നടത്തി

citu

തിരുവല്ല : സിഐടിയു കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപകമായി ബുധനാഴ്ച അവകാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് തിരുവല്ല ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് തൊഴിലാളികളുടെ മാർച്ചും തുടർന്ന് ധർണ്ണയും സംഘടിപ്പിച്ചു. തിരുവല്ല, ഇരവിപേരൂർ, മല്ലപ്പള്ളി ഏരിയാകളിലെ തൊഴിലാളികളാണ് ധർണയിൽ പങ്കെടുത്തത്.

ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും, ആസ്തി വിൽപ്പനയും ഉപേക്ഷിക്കുക, മിനിമം വേതനം 26000 രൂപയാക്കി വർധിപ്പിക്കുക, കരാർ തൊഴിലാളികളെ സംരക്ഷിക്കുക. തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, അഗ്നിവീർ, ആയുധ് വീർ തുടങ്ങിയവ നിശ്ചിതകാല തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പി എഫ്. കൃത്യമായി അടക്കാത്ത തൊഴിലുടമകൾക്കുള്ള പിഴ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
മിനിമം പെൻഷൻ 9000 രൂപയാക്കി വർധിപ്പിക്കുക, സ്കീം വർക്കേഴ്‌സിനെ തൊഴിലാളികളായി അംഗീകരിക്കുക, 10 വർഷം സർവ്വീസുള്ള താൽക്കാലീക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ മുദ്രവാക്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചത്‌.

സിഐറ്റിയു സംസ്ഥാന കമ്മിറ്റി അംഗം  കെ സി രാജഗോപാലൻ എക്സ്എംഎൽഎ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ,  ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ പ്രകാശ് ബാബു, തിരുവല്ല ഏരിയാ സെക്രട്ടറി കെ ബാലചന്ദ്രൻ, പ്രസിഡൻ്റ് ബിനിൽകുമാർ, അനിൽ കുറ്റിയാടി, ഒ വിശ്വംഭരൻ, ആർ രവി പ്രസാദ്, പ്രകാശ് ബാബു, ഡി  ഗോപകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.