റെക്കോർഡ് വേഗത്തിൽ ചാലക്കയം-പമ്പ റോഡ് നവീകരണം; തീർഥാടകർക്ക് ഇനി സുഗമമായ യാത്ര

ROAD

പത്തനംതിട്ട : ശബരിമല തീർഥാടനത്തിന്റെ പ്രധാന പാതയിൽ 4.5 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ; 14.14 കോടി രൂപയുടെ വികസനപ്രവൃത്തി പൂർത്തിയായി. ഒമ്പത് മാസം കൊണ്ട് തീർക്കേണ്ട ജോലി ഒരു മാസം കൊണ്ട് തീർത്ത അപൂർവ്വത .ശബരിമല തീർഥാടകർക്ക് ആശ്വാസമായി ചാലക്കയം-പമ്പ റോഡ് നവീകരണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ശബരിമല തീർഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തർ ആശ്രയിക്കുന്ന പ്രധാന പാതയുടെ നവീകരണം ഗതാഗതസൗകര്യത്തിലും റോഡ് സുരക്ഷയിലും വലിയ മാറ്റമുണ്ടാക്കും.

4.5 കിലോമീറ്റർ ദൈർഘ്യത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പ്രവൃത്തി പൂർത്തിയാക്കിയത്. ഒമ്പത് മാസം നിർമാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തി അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്.

റോഡിന്റെ ഉപരിതലം കൂടുതൽ മികവുറ്റതും ഈടുനിൽക്കുന്നതുമാക്കുന്നതിനായി ആധുനിക നിർമാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റർ കനത്തിൽ ബി.എം. പാളിയും മൂന്ന് സെന്റിമീറ്റർ കനത്തിൽ ബി.സി. പാളിയും ഉൾപ്പെടുത്തിയാണ് ടാറിങ് നടത്തിയത്. അതിന്റെ അടിയിൽ20 മുതൽ 30 സെന്റീമീറ്റർ കനത്തിൽ മെറ്റൽ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.

യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡ് മാർക്കിങ്ങുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതും വളവുകളിലും മറ്റ് നിർണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വർധിപ്പിക്കും.

ത്രിവേണി തൊട്ട് യു-ടേൺ വരെ രണ്ട് സൈഡിലും കോൺക്രീറ്റ് ഇന്റർലോക്ക് ബ്ലോക്കുകൾ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെ തീർഥാടകർക്ക് കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പ്രവൃത്തി പൂർത്തിയാക്കിയിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ 2026 സെപ്റ്റംബർ 18-ന് പ്രവൃത്തി പരിശോധിച്ചിരുന്നു. എം.പി. ജോളിയാണ് കരാറുകാരൻ. 2026 ഒക്ടോബർ 13 ന് ആരംഭിച്ച പ്രവൃത്തി നവംബർ 13-ന്പൂർത്തീകരിച്ചു.

ശബരിമല തീർഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ നിർണായകമായ നേട്ടമാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. തീർഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.ശബരിമലയിലേക്കുള്ള യാത്രയിൽ സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന വികസനനേട്ടമായി ചാലക്കയം-പമ്പ റോഡ് മാറുകയാണ്.

Tags