ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണം പ്രധാനം: പത്തനംതിട്ട ജില്ലാ കളക്ടര്‍

sdg


പത്തനംതിട്ട :  ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണമാണ് മലിനീകരണം തടയുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് .ഡബ്ല്യൂ .എം. പി) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുനര്‍ജീവനി യജ്ഞം പത്തനംതിട്ട  മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മാലിന്യം വലിച്ചെറിയാതിരിക്കുകയാണ് ആദ്യപടിയായി  ചെയ്യേണ്ടത്. നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്നു.  പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.  ശരിയായ മാലിന്യസംസ്‌കരണ പ്രക്രിയകളിലൂടെ മാത്രമേ  പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ എന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍  അനുകരണ മാതൃകകളിലൂടെ  മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധ പ്രചരണമാണ് പുനര്‍ജീവനി യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നത്. പാഴ്വസ്തു പുനരുപയോഗത്തിലൂടെ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് ശ്രദ്ധേയയായ ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു. നഗരസഭയിലെ തുമ്പൂര്‍ മൂഴികളില്‍ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങളില്‍ നിന്നും രൂപംകൊണ്ട ജൈവവളം  ഉപയോഗിച്ച് സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെരഞ്ഞെടുക്കപെട്ട സ്‌കൂളുകളില്‍ പുനര്‍ജീവനി വാരാചരണം സംഘടിപ്പിക്കും.

മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ആര്‍. അജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ് .ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റര്‍ പി.എം. ഐശ്വര്യ വിഷയാവതരണം നടത്തി. വിശിഷ്ടാതിഥിയായ ലീലാമ്മ മാത്യു പരിസ്ഥിതിദിന സന്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍, കെ എസ് .ഡബ്ല്യൂ .എം. പി സോഷ്യല്‍ കം കമ്മ്യൂണിക്കേഷന്‍ എക്സ്‌പെര്‍ട് ശ്രീവിദ്യ ബാലന്‍, പരിസ്ഥിതി എഞ്ചിനീയര്‍ വിജിത വി കുമാര്‍, ഫിനാന്‍ഷ്യല്‍ എക്സ്‌പെര്‍ട് വീണവിജയന്‍ , മോണിറ്ററിങ് എക്സ്‌പെര്‍ട് ലക്ഷ്മി പ്രിയദര്‍ശിനി , എഞ്ചിനീയര്‍മാരായ ബെന്‍സി മേരി ബാബു, എ.കെ. അനില, അഖില റഹിം, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags