സ്‌നേഹവും സന്തോഷവും നിറച്ച് 'ഉല്ലാസപ്പറവകൾ'; ആവേശമായി പുളിക്കീഴ് ബ്ലോക്കുതല ഭിന്നശേഷി കലാമേള

PULIKEEZHU

പത്തനംതിട്ട :അപരനെ ചേർത്തുപിടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതാണ് യഥാർത്ഥ സാമൂഹ്യ ധർമ്മമെന്ന് മലങ്കര കാത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല ഭിന്നശേഷി കലാമേളയായ 'ഉല്ലാസപ്പറവകൾ' പുളിക്കീഴ് റിയോ ടെക്സാസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിമിതികൾ ഉള്ളവരാണ്, പരിമിതികളെ അതിജീവിക്കുന്നതിനുള്ള മാർഗ്ഗമാണ് ഇതു പോലുള്ള കലാമേളയെന്നും അദ്ദേഹം പറഞ്ഞു. പുളിക്കീഴ് ബ്ലോക്കിനെ ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്.

  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷനായി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോ ഇലഞ്ഞിമൂട്ടിൽ, നിഷ അശോകൻ, രാജേഷ് ചാത്തങ്കരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചൽ വർഗീസ്, ജോളി ജോർജ്, സോമൻ താമരച്ചാലിൽ, തോമസ് പി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അമ്പിളി എസ് നായർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എസ്. റീന എന്നിവർ പങ്കെടുത്തു. സി.ഡി.പി.ഒ. അംബിക അന്തർജനം വിഷയാവതരണം നടത്തി. തുടർന്ന് ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനവും ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നിർവഹിച്ചു.

Tags