ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി അയ്യൻ 4.0 ആപ്പ്

AYAPPANAPP

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് വികസിപ്പിച്ച നവീകരിച്ച അയ്യൻ 4.0 മൊബൈൽ ആപ്ലിക്കേഷൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പ്രകാശനം ചെയ്തു.ശബരിമലയിലെ പ്രധാന തീർത്ഥാടന പാതകൾ, ദൂരവിവരങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ക്ഷേത്ര ദർശന സമയം, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. കാനനപാതകളിലെ സുരക്ഷാ നിർദേശങ്ങൾ, വന്യജീവി സംബന്ധമായ മുൻകരുതലുകൾ, പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സഹായത്തിനായി ടഛട സംവിധാനവും ഹെൽപ്പ്ലൈൻ നമ്പറുകളും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായവും ആപ്പിന്റെ പ്രത്യേകതകളാണ്. തീർത്ഥാടകരുടെ എണ്ണം, താവളങ്ങളിലെ തിരക്ക്, കാനനപാതകളിലൂടെയുള്ള യാത്ര തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കായി പ്രത്യേക അഡ്മിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ആറ് ഭാഷകളിൽ ലഭ്യമായ ആപ്പ് ഓൺലൈൻ, ഓഫ്ലൈൻ മോഡുകളിൽ പ്രവർത്തിക്കും. പെരിയാർ കടുവാ സങ്കേതത്തിന്റെ ജൈവവൈവിധ്യവും വന്യജീവികളും സംബന്ധിച്ച വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിയോപാർഡ് ടെക് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനൊപ്പം വനസംരക്ഷണവും അടിയന്തര സേവനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ടാണ് അയ്യൻ 4.0 ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.

Tags