ആറന്മുള വള്ളസദ്യ: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിൻ വർക്കി എംഎൽഎ

ARANMULA

പത്തനംതിട്ട : ആറമുള വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിൻ വർക്കി എംഎൽഎ. ഏറെ ആകർഷകവും ചരിത്ര പ്രസിദ്ധവുമാണ് ആറന്മുള വള്ളസദ്യ. ടൂറിസം വകുപ്പുമായി ചേർന്ന് വള്ളസദ്യയ്ക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികൾക്കായി ഇൻഫർമേഷൻ ഹെൽപ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു എംഎൽഎ.

വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. കുടിവെള്ളശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഹെൽത്ത് കാർഡ് നൽകും. മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യവും മുഴവുൻ സമയവും ഉറപ്പാക്കും.യൂണിഫോമിലുള്ള പോലിസുകാർക്ക് പുറമെ മഫ്തിയിലും വനിത പോലിസ് അടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. ഡ്രോൺ നിരീക്ഷണം, സിസിടിവി എന്നിവ ഏർപ്പെടുത്തും. ജലമേളയുമായി ബന്ധപ്പെട്ട ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളിൽ ഗാലറി, ബാരിക്കേഡ് എന്നിവ സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പ നദിയിൽ അലക്ഷ്യമായി കൂട്ടിയിരിക്കുന്ന വസ്തുക്കൾ അടിയന്തരമായി നീക്കം ചെയ്യാൻ എംഎൽഎ നിർദേശിച്ചു.

എഡിഎമ്മിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി ഓരോ വകുപ്പുകളിൽ നിന്നും നോഡൽ ഓഫീസർമാരെ നിയമിക്കും. ഉത്രട്ടാതി ജലമേള, വള്ളസദ്യ, വഴിപാടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ കോർഡിനേറ്ററായി ചുമതലപ്പെടുത്തി.
തിരുവാറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെയാണ്. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബർ നാലിനും നടക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ആർ രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ് എന്നിവർ പങ്കെടുത്തു.
 

Tags