വയോജനങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകിയത് നാടിന്റെ സാംസ്‌കാരിക തനിമയും കഴിവുകളും: ആന്റോ ആന്റണി എംപി

PULIKEEZHU

പത്തനംതിട്ട : നാടിന്റെ സാംസ്‌കാരിക തനിമയും ജീവിതമൂല്യങ്ങളും പാരമ്പര്യ അറിവുകളും കഴിവുകളും പുതുതലമുറയ്ക്ക് പകർന്നുനൽകിയവരാണ് വയോജനങ്ങളെന്ന് ആന്റോ ആന്റണി എംപി. പുളിക്കീഴ് റിയോ ടെക്സാസ് കൺവെൻഷൻ സെന്ററിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല വയോജന കലാമേളയായ 'ഉണരൂ-2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ അനുഭവസമ്പത്തും സർഗാത്മക കഴിവുകളും സമൂഹത്തിന് വലിയ മുതൽക്കൂട്ടാണെന്നും വയോജനങ്ങളെ ചേർത്തുപിടിക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്തിന്റെ ദീർഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ നിഷ അശോകൻ,  രാജേഷ് ചാത്തങ്കരി, ജോ ഇലഞ്ഞിമൂട്ടിൽ, അംഗങ്ങളായ സോമൻ താമരച്ചാലിൽ, തോമസ് പി വർഗീസ്, എസ്.ബി.ഐ മാനേജർ കെ എസ് അരുൺ, ശിശു വികസന പദ്ധതി ഓഫീസർ അംബിക അന്തർജനം, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ പി സി പ്രീതാകുമാരി, എ സന്ധ്യ, എസ് റീന, സ്വപ്ന ചന്ദ്രൻ, ജി എൻ ശ്രീകല, സിന്ധു ജിങ്ക ചാക്കോ എന്നിവർ പങ്കെടുത്തു. തിരുവല്ല ഡി.വൈ.എസ്.പി. പി ആർ സന്തോഷ് സമ്മാനദാനം നിർവഹിച്ചു.

വയോജനങ്ങളുടെ വിവിധ കലാ-കായിക  മത്സരങ്ങൾ അരങ്ങേറി. പ്രായത്തെ മറികടന്നുള്ള അവരുടെ ആവേശവും കലാപ്രകടനങ്ങളും സദസ്സിന്റെ ശ്രദ്ധയാകർഷിച്ചു. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം പരസ്പര സൗഹൃദവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും കലാമേള വേദിയായി. പുളിക്കീഴ് ബ്ലോക്കിനെ വയോജന സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. കലാമേളയിൽ ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വയോജനങ്ങൾ പങ്കെടുത്തു.
 

Tags