മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീയുടെ ഇടപെടൽ അഭിനന്ദനീയം: അബിൻ വർക്കി എം.എൽ.എ
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയിൽ അഭിനന്ദനീയ ഇടപെടൽ നടത്തുന്ന കുടുംബശ്രീ രണ്ടര പതിറ്റാണ്ടായി ലോകത്തിന് മാതൃകയായ സ്ത്രീശാക്തീകരണ കൂട്ടായ്മയാണെന്ന് അബിൻ വർക്കി എം.എൽ.എ. കുടുംബശ്രീ ജില്ല മിഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജീവനം 2.0' മൃഗസംരക്ഷണ ജീവനോപാധി സുരക്ഷ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും കുളനട പ്രീമിയം കഫെ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി. മൃഗസംരക്ഷണ മേഖലയിലെ ഉൽപാദനക്ഷമത വർധിപ്പിക്കുക, കർഷകരുടെ സുസ്ഥിരമായ ഉപജീവനം ഉറപ്പാക്കുക, വനിതകളുടെ സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്തുക എന്നിവയാണ് 'ജീവനം 2.0' കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ഉൽപാദനക്ഷമത വർധിപ്പിക്കുക, ഗുണമേന്മയുള്ള ക്ഷീരോൽപന്നങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നിവയ്ക്ക് പദ്ധതി മുൻഗണന നൽകുന്നു.കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 53 ഗ്രാമീണ സി.ഡി.എസുകളിലും അഞ്ച് നഗര സി.ഡി.എസുകളിലും കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാർന്ന കന്നുകാലി വികസന-മൃഗാരോഗ്യ സംരക്ഷണ പ്രവർത്തനം സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വിവിധ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുമാകും പ്രവർത്തനങ്ങൾ.
സി.ഡി.എസ്, ബ്ലോക്ക് തലങ്ങളിൽ കന്നുകാലി മെഡിക്കൽ ക്യാമ്പ്, പ്രതിരോധ വാക്‌സിനേഷൻ ഡ്രൈവ്, മരുന്ന് വിതരണം, ഇൻഫെർട്ടിലിറ്റി കെയർ, മാസ്റ്റിറ്റിസ് പ്രതിരോധ ക്യാമ്പ്, ഡീവോർമിംഗ്, സാമ്പിൾ പരിശോധന എന്നിവ സംഘടിപ്പിക്കും. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കെതിരായ പ്രതിരോധ വാക്‌സിനുകളും ലഭ്യമാക്കും. കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ബാങ്കുകളുടെ സഹകരണത്തോടെ കുറഞ്ഞ പലിശനിരക്കിലുള്ള കിസാൻ ക്രെഡിറ്റ് കാർഡ്, കന്നുകാലി ഇൻഷൂറൻസ്, വായ്പാ സൗകര്യം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
കുളനട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജ സന്തോഷ്, കുളനട സി.ഡി.എസ് ചെയർപേഴ്സൺ എൻ ഡി ദീപ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ദീപു ഫിലിപ്പ് മാത്യു, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് കോർഡിനേറ്റർ സി ഡി ആതിര, ജില്ല പ്രോഗ്രാം മാനേജർ ചിഞ്ചു വി. ചെല്ലം, വനിത ക്ഷീരകർഷകർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ പങ്കെടുത്തു. 'പശു പരിപാലനവും പാൽ ഗുണനിലവാരവും' എന്ന വിഷയത്തിൽ കോട്ടയം റീജണൽ ഡയറി ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഒ ബി മഞ്ജു ക്ലാസ് നയിച്ചു.
.jpg)

