സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യമൊരുക്കുക സർക്കാർ ലക്ഷ്യം : അബിൻ വർക്കി എംഎൽഎ

Kulanada

പത്തനംതിട്ട :  സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു. കുളനട ജനകീയ ആരോഗ്യ കേന്ദ്രം മെയിൻ സെന്റർ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും. 

ആറന്മുള മണ്ഡലത്തിൽ ആറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. കുളനട കുടുംബാരോഗ്യ കേന്ദ്രത്തിനും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന മാന്തുക, പാണിൽ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും ദേശീയ ഗുണനിലവാര അംഗീകാരം നേടാനായത് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമം കൊണ്ടാണന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജെ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് പദ്ധതി വിശദീകരണം നടത്തി.
‌
 പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് മുഖേന 55.50 ലക്ഷം രൂപ മുതൽമുടക്കിലാണ് കുളനട ജനകീയ ആരോഗ്യ കേന്ദ്രം മെയിൻ സെന്ററിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ രോഗികൾക്കുള്ള കാത്തിരിപ്പ് സ്ഥലം, പരിശോധന മുറി, ഫാർമസി, ലാബോറട്ടറി സൗകര്യം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, സ്റ്റോർ, ജീവനക്കാർക്കുള്ള മുറി, ഐ യു സി ഡി മുറി, ശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

 കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചൻ, പ്രതിഭ കുമാരി, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് കളീയ്ക്കൽ, വിലാസിനിയമ്മ, രാജൻ മത്തായി, സുജ സന്തോഷ്, സൂസൻ റ്റി ജോർജ്, റ്റി അമ്പിളി, എം കെ ശോഭന കുമാരിയമ്മ, ഷീബ വർഗീസ്, പി പി രാജു, എലിസബത്ത്, പി റ്റി സുരേഷ്, ജി രഘുനാഥ്, ജെനി ആനന്ദ്, കുളനട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹിദായത്ത് അൻസാരി വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
 

Tags