അബാന്‍ മേല്‍പാലം: നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട : കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാലനിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തി പൂര്‍ത്തികരിച്ചു. കോഴഞ്ചേരി പുതിയ പാലത്തിന്റെ അവസാന സ്പാനിന്റെ നിര്‍മാണം തുടങ്ങി.
മഞ്ഞനിക്കര ഇലവുംതിട്ട മുളക്കുഴ റോഡിലെ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നു. വയറപ്പുഴ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായി. കരയിലെ സ്ലാബ് ഷട്ടറിംഗ് ഡിസംബറില്‍ തീര്‍ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അമ്പലക്കടവ് - മണ്ണാക്കടവ് എസ് സി നഗറിലേക്കുള്ള റോഡ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം വൈകാതെ പൂര്‍ത്തിയാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍, അങ്കണവാടികള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുറമറ്റം ആയൂര്‍വേദാശുപത്രി കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വഞ്ചിപ്പോട്ടില്‍ കടവ് പാലം, പുനര്‍നിര്‍മാണം നടക്കുന്ന തിരുവാറ്റ പാലം തുടങ്ങിയവയുടെ പുരോഗതി എംഎല്‍എ വിലയിരുത്തി.
നവകേരള സദസ് നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുതല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ തെരുവുനായ നിയന്ത്രണ നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ നിര്‍ദേശിച്ചു.ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)


