ന്യൂനപക്ഷ കമ്മീഷന്‍ സേവനം പ്രയോജനപ്പെടുത്തണം: എ സൈഫുദ്ദീന്‍

COMMISSION

പത്തനംതിട്ട : ക്രിസ്ത്യന്‍, മുസ്ലീ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍. ന്യൂനപക്ഷ വിഭാഗക്കാര്‍ ഏറെയുള്ള ജില്ലയായിട്ടും കമ്മീഷന്റെ മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം കുറവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗിന് ശേഷം പ്രതികരിക്കുകയായിരുന്നു എ സൈഫുദ്ദീന്‍.

രണ്ട് പരാതി സിറ്റിംഗില്‍ പരിഗണിച്ചു. നികത്ത് ഭൂമിയില്‍ വീട് വയ്ക്കാന്‍ അനുവാദം തേടിയുള്ള നിരണം സ്വദേശിയുടെ പരാതി ജില്ല കലക്ടര്‍ ഇടപെട്ട് പരിഹാരം കാണാന്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ നന്മയ്ക്കായാണ് നിയമങ്ങളെ ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിക്കേണ്ടതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സെമിത്തേരി ലൈസന്‍സിനായുള്ള ഐപിസി എബനേസര്‍ മല്ലശ്ശേരി സഭയുടെ ആവശ്യം സാമൂഹിക പ്രശ്നമായി പരിഗണിച്ച് ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനവും ബന്ധപ്പെട്ടവരെ വിളിച്ചു  ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇതിന് മുന്‍കൈ എടുക്കാന്‍ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Tags