തിരുവല്ലയിൽ വിറക് വെട്ടുകാരന്റെ മൊബൈൽ ഫോണുമായി കടന്ന് വാനരൻ

A monkey crossed with the mobile phone of a woodcutter in Thiruvalla
A monkey crossed with the mobile phone of a woodcutter in Thiruvalla

തിരുവല്ല: പഴയ ഫോണ്‍ മാറ്റി പുതിയ ടച്ച് ഫോണ്‍ രമണന്‍ വാങ്ങിയിട്ട്് ദിവസങ്ങള്‍ കഴിഞ്ഞതേയുളളൂ. വഴിയേപോയ വാനരന്‍ അതിന് അവകാശം ഉന്നയിച്ചെത്തുമെന്ന് വിറകുവെട്ട് തൊഴിലാളിയായ രമണന്‍ സ്വപ്‌നത്തില്‍ കരുതിയില്ല. പതിവ് പണിക്കിടെ പറമ്പിന്റെ ഓരത്തുവെച്ച ഫോണ്‍ കുരങ്ങെടുത്ത് ഓടുന്നതുകണ്ട് ഒന്നുസ്തംഭിച്ചു.

tRootC1469263">

പിന്നീട് യാചിച്ചു. തന്നിട്ടുപോടായെന്ന് നിലവിളിച്ചു. ഫോണില്‍ത്തോണ്ടി ചാടിക്കളിച്ച കുരങ്ങന്‍ രമണനെ വട്ടം കറക്കി. ഇടയ്ക്കിടെ മുഖത്തേക്കുനോക്കി. തെങ്ങിലേക്ക് ചാടിക്കയറി. ലോക്ക് തുറക്കാന്‍ പറ്റാത്തിലാണോയെന്നറിയില്ല, ഒടുവില്‍ ഫോണ്‍ താഴേക്കിട്ട് തെങ്ങിന്‍ മുകളിലേക്കുപോയി. രമണന് ആശ്വാസം. വെളളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാര്‍ഡ് മെമ്പര്‍ ശ്രീഭദ്ര വീട്ടില്‍ എസ്. സനല്‍ കുമാരിയുടെ പുരയിടത്തിലാണ് സംഭവം.

സമീപവാസിയായ വാളമ്പറമ്പില്‍ രമണന്‍ ഇവിടെ തെങ്ങ് കീറി വിറകാക്കാന്‍ എത്തിയതായിരുന്നു. പണിസമയം തീരുന്നതിന് തൊട്ടുമുമ്പാണ് ഫോണ്‍ കുരങ്ങിന്റെ കൈയിലിരിക്കുന്നത് കാണുന്നത്. രണ്ട് ദിവസം മുമ്പാണ് 8000 രൂപാ മുടക്കി പുതിയ ഫോണ്‍ വാങ്ങിയത്. കാല്‍ മണിക്കൂറോളം കുരങ്ങന്‍ ഫോണുമായി ചാടിക്കളിച്ചു. പിന്നീട് അയല്‍ക്കാര്‍ എത്തി. തെങ്ങിലേക്കുളള കയറ്റത്തിനിടെയാണ് ഫോണ്‍ താഴേക്ക് ഇട്ടുകൊടുത്തത്.

സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരേയൊരു ഫോണ്‍ കുരങ്ങിന്റെ പക്കലായതിനാല്‍ ദൃശ്യം പകര്‍ത്താന്‍ കഴിഞ്ഞതുമില്ല. ഫോണ്‍ കിട്ടിയപ്പോള്‍ രമണനോട്, ആ ഫോണില്‍ ചിത്രം പകര്‍ത്താന്‍ സമീപവാസി പറഞ്ഞെങ്കിലും പോക്കറ്റിലിട്ട്് വീട്ടിലേക്കുപോയി. കുറേനേരംകൂടി തെങ്ങില്‍ ചാടിക്കളിച്ചശേഷമാണ് വാനരന്‍ യാത്രയായത്. എവിടെ നിന്ന് എത്തിയതാണിതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല.