കരവിരുതും കലാചാരുതയും സംരംഭങ്ങളാക്കാനൊരുങ്ങി 20 വീട്ടമ്മാര്‍

google news
aaa

കൊച്ചി: കരവിരുതും കലാചാരുതയും സമം ചേര്‍ത്ത രുചിവൈവിധ്യമാര്‍ന്ന ബേക്കറി ഉല്‍പ്പന്നങ്ങളുമായി 20 വീട്ടമ്മാര്‍ സ്വന്തം സംരംഭങ്ങളുമായി ജീവിതത്തില്‍ പുതിയൊരധ്യായം തുടങ്ങുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ കളമശ്ശേരി അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആര്‍ട്ടിസനല്‍ ബേക്കറി പരിശീലനം പൂര്‍ത്തിയാക്കിയ ഈ വനിതാ സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും  വീട്ടമ്മമാര്‍ ഒരുക്കിയ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്നു. ഇവർക്ക് പുതിയ സംരംഭം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ജില്ലാ വ്യവസായ കേന്ദ്രം നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ സംരഭകത്വ വികസന വര്‍ഷത്തിന്റെ ഭാഗമായാണ് ഇവര്‍ക്ക് അസാപിന്റെ നേതൃത്വത്തില്‍ സൗജന്യമായി 150 മണിക്കൂര്‍ പരിശീനം നല്‍കിയത്. നിരവധി അപേക്ഷകരില്‍ നിന്ന് സംരംഭകത്വ താല്‍പര്യമുള്ള യോഗ്യരായവരെയാണ് പരിശീനത്തിന് തിരഞ്ഞെടുത്തത്. കൊല്ലം കുളക്കടയിലുള്ള  അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ബേക്കറി രംഗത്ത് നൈപുണ്യ പരിശീലനം നല്‍കുന്ന സിംഗപൂരിലെ എക്സ്പീരയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി കോഴ്സാണിത്.

ശുചിത്വമുള്ള ആധുനിക ബേക്കറി ഉല്‍പ്പന്ന നിര്‍മാണ യന്ത്രങ്ങളും സാമഗ്രികളും ഉപയോഗിച്ച് കലാപരമായി വിവിധ രുചിവൈധ്യങ്ങളെ രൂപകല്‍പ്പന ചെയ്യുന്നതില്‍ വിശദമായ പരിശീലനമാണ് ഈ കോഴ്സിലൂടെ നല്‍കുന്നത്. കേക്കുകള്‍, പേസ്ട്രികള്‍, ഡെസേര്‍ട്ടുകള്‍ എന്നിവ ലൈവായി നിര്‍മിച്ചാണ് പരിശീലനം. കേക്ക് നിര്‍മ്മാണത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ തുടങ്ങി സ്പഞ്ച് കേക്ക്, ബനാന കേക്ക്, കാസ്റ്റല്ല, ക്രീം ഫിനിഷിങ്, ക്രീം ചീസ് ഫ്രോസ്റ്റിങ്, കപ്പ് കേക്ക്, സ്വിസ്സ് റോള്‍, ഷിഫൊണ്‍ കേക്ക്, ഓറഞ്ച് സ്‌പൈസ് കേക്ക്, കൊക്കോനട്ട് കുക്കീസ്, ചോക്ലേറ്റ് ചിപ്പ് കുക്കീസ്, പിസ്താ ഷോര്‍ട് ബ്രഡ്, പീനട്ട് കുക്കീസ്, റോയല്‍ ഐസിങ്, ബര്‍ഗര്‍ ബണ്‍, ബ്രൗണി, റെഡ് വെല്‍വെറ്റ്, സ്‌ട്രോബെറി മൂസ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ കാലാപരമായി നിര്‍മ്മിക്കാന്‍ വീട്ടമ്മമാരെ പ്രാപ്തരാക്കുന്നു.

ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ഇവര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബേക്കറി നിര്‍മാണ നൈപുണ്യം ലഭിക്കുന്നു. നിലവിൽ അസാപ് കേരളയുടെ വിവിധ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ഈ കോഴ്സ് നൽകി വരുന്നുണ്ട്. അന്താരാഷ്ട്രയ യോഗ്യതകളുള്ള പ്രൊഫഷനല്‍ പരിശീലകരുടെ നേതൃത്വത്തിലാണ് കോഴ്സ്.

Tags