ഇന്ന് ലോക മുളദിനം, ലോക റെക്കോർഡിലേക്ക് വളർന്ന് വയനാട്ടിലെ എറ്റവും വലിയ ആനമുളക്കൂട്ടം
സി.വി.ഷിബു
ഇന്ന് സെപ്റ്റംബർ 18 , ലോക മുളദിനം. ഏറ്റവും വലുപ്പമുള്ള പുൽ വർഗ്ഗത്തിൽപെട്ട സസ്യമാണ് മുള. കൂടാതെ ഏറ്റവും വേഗത്തിൽ വളരുന്നു എന്ന സവിശേഷതയും മുളയ്ക്കുണ്ട്.അതേസമയം രണ്ടടിയോളം ആഴത്തിലും 3 മീറ്റർ വ്യാസത്തിലും പടരുന്ന സമൃദ്ധിയാർന്ന പറ്റുവേരുകൾ മണ്ണിനെദൃഢമായി പിടിച്ചു നിർത്തുന്നു. മാത്രമല്ല താഴ് വേരുകൾ ഇല്ലാത്തതിനാൽ സോയിൽ പൈപ്പിങ് പ്രതിഭാസത്തിന് തീരെ കാരണമാകുന്നുമില്ല താനും.
tRootC1469263">എന്നാൽ ഇത്തവണത്തെ മുളദിനത്തിൽ വയനാട്ടിൽ നിന്ന് ഒരു സന്തോഷ വാർത്തയുണ്ട്..എന്താണെന്നല്ലേ, ലോകത്തിലെ ഏറ്റവും വലിയ മുള എന്നറിയപ്പെടുന്ന ആനമുളയുടെ ഏറ്റവും വലിയ മുളക്കൂട്ടം എന്ന റെക്കോർഡിനൊരുങ്ങുകയാണ് വടുവൻചാലിലെ ഹിൽ വ്യൂവിൽ ബാബുവിൻ്റെ വീട്ടുവളപ്പിലെ ആനമുള.
മനോഹര ദൃശ്യഭംഗിയുള്ള ഈ മുളക്കൂട്ടം ഇതിനോടകം തന്നെ സഞ്ചാരികളുടെയും മുള പ്രേമികളുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു .1996- ൽ ബാബു തലശ്ശേരിയിലെ ബന്ധുവീട്ടിൽ നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച മുള തൈ ആണ് ഇപ്പോൾ ഏറ്റവും വലിയ മുളക്കൂട്ടമായി വളർന്നത്.
മൂന്നടിയിലധികം വണ്ണവും 130 അടി ഉയരവുമുള്ള നൂറിലധികം മുളകൾ ഇതിനോടകം ഈ കൂട്ടത്തിൽ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഇപ്പോൾ 150 അടിയോളം ഉയരം ഉള്ള 350 ലധികം മുളകളാണ് ഈ ഒറ്റ കൂട്ടത്തിലുള്ളത്. ഓരോ മുളക്കും ശരാശരി മൂന്നടി വണ്ണമുണ്ട്. മുളക്കൂട്ടത്തിൻ്റെ ആകെ ചുറ്റളവ് 84 അടിയാണ്. ഒരു മുളക്ക് 1500 രൂപ വരെ വില വരും. ഇതനുസരിച്ച് ഈ മുളക്കുട്ടത്തിൻ്റെ മതിപ്പ് മൂല്യം അഞ്ചേകാൽ ലക്ഷം രൂപയാണ്.
എന്നാൽ ഈ മുളയുടെ പരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയ ബാബു ഇന്ന് എത്ര ലക്ഷം നൽകിയാലും ഇതിൽ നിന്ന് ഒരു മുള പോലും വിൽക്കാൻ തയ്യാറല്ല. ആന മുളക്ക് നൂറ് വർഷത്തിലധികം ആയുസ്സ് ഉള്ളതിനാൽ തൻ്റെ മരണം വരെ കൺമുമ്പിൽ ഈ മുളക്കൂട്ടമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ബാബു പറയുന്നു.
സാധാരണ വനങ്ങളിൽ ധാരാളം വലിയ മുളക്കൂട്ടങ്ങൾ കാണാറുണ്ടങ്കിലും നട്ട് വളർത്തിയ മുള എന്ന തരത്തിലും വണ്ണം കൂടിയതും ഉയരം കൂടിയതും കൂടുതൽ എണ്ണം ഉള്ളതുമായ ഈ മുളക്കൂട്ടത്തിന് റെക്കോർഡ് നേടാൻ സാധ്യതയുണ്ടന്നാണ് മുള ഗവേഷകരും സംരക്ഷകരുമായ തൃക്കൈപ്പറ്റയിലെ ബാബുരാജും സി.ഡി.സുനീഷും പറയുന്നത്. വേൾഡ് ഓഫ് ബാംബൂ കൂട്ടായ്മക്ക് വേണ്ടി ഇരുവരും ബാബുവിൻ്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു. തനിക്കല്ല ഈ മുളക്കാണ് ഈ ആദരമെന്നാണ് ബാബു പ്രതികരിച്ചത് .
ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ മുളയാണ് ആനമുള എന്ന പേരിൽ അറിയപ്പെടുന്ന എലഫൻ്റ് ബാംബൂ. ഓരോ മുളക്കും ആനയുടെ കാലിൻ്റെ വലുപ്പം ഉള്ളത് കൊണ്ടാണ് ഇതിനെ ജൈജാൻ്റിക് എലഫൻ്റ് ബാംബൂ എന്ന് വിളിക്കാൻ കാരണം. പാര്‍പ്പിട നിര്‍മാണത്തിന് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത് ഇതാണ്.
ഡെൻഡ്രോ കലാമസ് ജൈജാൻ്റസ് എന്നാണ് ശാസ്ത്രീയ നാമം. ശരാശരി മൂന്ന് അടിയിൽ കൂടുതൽ ചുറ്റളവും 150 അടി വരെ ഉയരവും ഉണ്ടാകും. ഒരു മുളക്ക് 1500 രൂപ വരെ വില കിട്ടും. ഒരു മുളയിൽ നിന്ന് 60,000 രൂപയുടെ വരെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാം .. അതു കൊണ്ട് തന്നെ ധാരാളം പേർ ഇപ്പോൾ ആനമുള കൃഷി ചെയ്യുന്നുണ്ട്. ജല ലഭ്യത ഉറപ്പുവരുത്താനും മണ്ണ് സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മുളക്ക് സാധിക്കുമെന്നതിനാലും നട്ടു കഴിഞ്ഞാൽ വലിയ പരിചരണം ആവശ്യമില്ലാത്തതിനാലും മുളകൃഷി ഏറെ ആദായകരമാണ്.
.jpg)


