പുലർച്ചെ 3 മണിക്ക് പെട്ടെന്ന് ഉറക്കമുണരാറുണ്ടോ? അബദ്ധത്തിൽ പോലും ചെയ്യരുത് ഈ 3 കാര്യങ്ങൾ!
രാത്രിയിൽ പെട്ടെന്ന് ഉറക്കമുണരുന്നതും, പ്രത്യേകിച്ച് പുലർച്ചെ 3 മണിയോടെ കണ്ണ് തുറക്കുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ചെയ്യുന്ന ചില തെറ്റായ ശീലങ്ങൾ വീണ്ടും ഉറങ്ങുന്നത് കൂടുതൽ പ്രയാസകരമാക്കുമെന്ന് സ്ലീപ് എക്സ്പെർട്ട് ഡോ.മൈക്കിൾ ബ്രൂസും മുംബൈ വോക്കാർഡ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് മഖിജയും വ്യക്തമാക്കുന്നു.
"പുലർച്ചെ 3 മണിക്ക് ഉറക്കമുണരുന്നത് അപൂർവ്വമായ സംഭവമല്ല, അത് നിങ്ങളിൽ ഗുരുതരമായ ഉറക്ക തടസങ്ങൾ ഉണ്ടെന്ന് അർത്ഥമാക്കുന്നുമില്ല," ഡോ. പ്രശാന്ത് മഖിജ പറഞ്ഞു.
അമിതമായ മാനസിക സമ്മർദവും ഉത്കണ്ഠയും, കൃത്യതയില്ലാത്ത ഉറക്ക സമയം, വൈകുന്നേരങ്ങളിലെ കഫീൻ (ചായ, കാപ്പി) ഉപയോഗം, രാത്രി വൈകിയുള്ള ഭക്ഷണവും മദ്യപാനവും, ഉറങ്ങുന്നതിന് മുമ്പുള്ള അമിതമായ സ്ക്രീൻ സമയം, സ്ലീപ് ആപ്നിയ പോലുള്ള ശ്വാസതടസ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഉറക്കം മുറിയുന്നതിന് പ്രധാനമായും കാരണമാകുന്നത്.
3 മണി എന്ന സമയത്തിന് പ്രത്യേകം ശരീരശാസ്ത്രപരമായ പ്രാധാന്യമൊന്നുമില്ലെന്നും, ഇത്തരം പ്രശ്നങ്ങൾ തടയാൻ സ്വന്തം ജീവിതശൈലിയും സ്ട്രെസ്സ് ലെവലും പരിശോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുലർച്ചെ 3 മണിക്ക് ഉറക്കം ഉണർന്നാൽ ഒഴിവാക്കേണ്ട 3 കാര്യങ്ങൾ
1. ക്ലോക്കിലേക്ക് നോക്കുന്നത് ഒഴിവാക്കുക
രാത്രിയിൽ ഉറക്കമുണരുമ്പോൾ സമയം എത്രയായെന്ന് നോക്കുന്ന ശീലം ഒഴിവാക്കുക. ക്ലോക്കിൽ നോക്കി പുലർച്ചെ 3 മണിയായെന്ന് കാണുമ്പോൾ, "ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ഉറങ്ങാൻ ബാക്കിയുള്ളൂ" എന്നോ "നാളെ ദിവസം മുഴുവൻ ക്ഷീണമായിരിക്കും" എന്നോ ഉള്ള ചിന്തകൾ മനസിൽ വരും. ഈ ഉത്കണ്ഠ ശരീരത്തെ കൂടുതൽ ഉണർവുള്ളതാക്കി മാറ്റുകയും വീണ്ടും ഉറങ്ങുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. സമയം കണക്കാക്കുന്നതിന് പകരം ശരീരം ശാന്തമാക്കി വെച്ച് സ്വഭാവികമായി ഉറക്കം വരാൻ അനുവദിക്കുക.
2. മൊബൈൽ ഫോൺ ഉപയോഗിക്കരുത്
കണ്ണ് തുറക്കുമ്പോൾ തന്നെ ഫോൺ എടുത്ത് മെസ്സേജുകൾ നോക്കുന്നതോ, സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതോ, വാർത്തകൾ വായിക്കുന്നതോ പൂർണമായും ഒഴിവാക്കുക. ഫോണിലെ വെളിച്ചവും നോട്ടിഫിക്കേഷനുകളും തലച്ചോറിനെ കൂടുതൽ ഉത്തേജിപ്പിക്കുകയും ഉറക്കത്തെ സഹായിക്കുന്ന ശരീര സിഗ്നലുകളെ തടസപ്പെടുത്തുകയും ചെയ്യും. സമയം നോക്കാൻ വേണ്ടി പോലും സ്ക്രീനിലേക്ക് നോക്കരുത്. ഇരുണ്ടതും ശാന്തവുമായ അന്തരീക്ഷം വീണ്ടും ഉറങ്ങാൻ സഹായിക്കും.
3. ഉറക്കം വന്നില്ലെങ്കിൽ നിർബന്ധമായി കിടക്കയിൽ തന്നെ കിടക്കരുത്
ഉറക്കം ഉണർന്ന ഉടൻ തന്നെ അനാവശ്യമായി കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടക്കരുതെന്നാണ് ഡോ.ബ്രൂസ് നിർദേശിക്കുന്നത്. എന്നാൽ ദീർഘനേരം ഉറക്കം വരാതിരിക്കുകയും മാനസികമായി അസ്വസ്ഥത തോന്നിത്തുടങ്ങുകയും ചെയ്താൽ കിടക്കയിൽ തന്നെ കിടക്കുന്നത് ശരിയല്ലെന്ന് ഡോ.മഖിജ വ്യക്തമാക്കി.
ഏകദേശം 15-20 മിനിറ്റ് കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാം. വെളിച്ചം കുറഞ്ഞ മുറിയിലിരുന്ന് പുസ്തകം വായിക്കുകയോ മറ്റ് ശാന്തമായ കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. ഉറക്കം വരുന്നുവെന്ന് തോന്നുമ്പോൾ മാത്രം വീണ്ടും കിടക്കാൻ പോകുക. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഫോർ ഇൻസോമ്നിയ എന്ന ചികിത്സാരീതിയുടെ ഭാഗമാണിത്. കിടക്ക എന്നത് ഉറങ്ങാനുള്ള ഇടം മാത്രമാണെന്ന് തലച്ചോറിനെ ബോധ്യപ്പെടുത്താനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഈ സമയത്ത് ടിവി കാണുകയോ ബ്രൈറ്റ് ലൈറ്റുകൾ ഇടുകയോ ചെയ്യരുത്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
പതിവായി ഇത്തരം ഉറക്ക തടസങ്ങൾ അനുഭവപ്പെടുകയും അത് പകൽ സമയത്തെ പ്രവർത്തനങ്ങളെയും തളർത്തുകയും ചെയ്യുന്നുവെങ്കിൽ ഒരു സ്ലീപ് സ്പെഷ്യലിസ്റ്റിനെ കാണേണ്ടതുണ്ട്. ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക, രാത്രി വൈകി കഫീൻ, മദ്യം, സ്ക്രീൻ ഉപയോഗം എന്നിവ ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങൾ ഉറക്കത്തിന്റെ ഗുണമേന്മ വർധിപ്പിക്കും.
.jpg)

