ഓണനാളിൽ അടുക്കളയിൽ കിടന്ന് തിക്കും തിരക്കും കൂട്ടേണ്ട; സദ്യയുടെ ഒരുക്കങ്ങൾ രണ്ടുദിവസംമുൻപേ ചെയ്തുവയ്ക്കാം..

onam sadhya
onam sadhya

ഓണനാളിൽ പൊതുവെ എല്ലാ വീടുകളിലെയും സ്ത്രീജനങ്ങൾ മുഴുവൻ അടുക്കളയിലായിരിക്കും. ഓണത്തിന് മാത്രമല്ല, ഏത് വിശേഷ ദിവസങ്ങൾ വന്നാലും അവരുടെ അവസ്ഥ ഇത് തന്നെയാണ്. അതുകൊണ്ടുതന്നെ പുറത്തു നടക്കുന്ന പല നല്ല മുഹൂർത്തങ്ങളും അവർക്ക് മിസ് ചെയ്യുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചെയ്തു വച്ചാൽ അടുക്കള പണികൾ എളുപ്പം തീർത്ത് നിങ്ങൾക്കും മറ്റുള്ളവർക്കൊപ്പം അടിച്ചുപൊളിക്കാം..

chips

എല്ലാ പണിയും അവസാന നിമിഷം ചെയ്യാന്‍ നില്‍ക്കരുത്. വീട് വൃത്തിയാക്കൽ പോലുള്ളവ ഓണത്തിന് ഒരു 3 ദിവസം മുൻപേ ചെയ്തുവയ്ക്കാം. കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയുമെല്ലാം രണ്ടു ദിവസം മുൻപേ ചെയ്ത നല്ലൊരു പാത്രത്തിൽ അടച്ചു സൂക്ഷിക്കാം... പുളിയിഞ്ചിയും അച്ചാറും ഇതേ രീതിയിൽ നേരത്തെ തയ്യാറാക്കി അടച്ചു സൂക്ഷിക്കാം.. ഇവ തയ്യാറാക്കിയതിന് ശേഷം ചൂടാറി കഴിയുമ്പോള്‍ നനവില്ലാത്ത ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ കേടുകൂടാതെ ഇരിക്കും. സദ്യ വിളമ്പുന്നതിനു കുറച്ചു മുൻപ് പുറത്ത് എടുത്തു വച്ചാൽ മതി. 

coconut grating
​​
​തലേദിവസം കാളന്‍ നിങ്ങള്‍ക്ക് തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ അവിയലിന് വേണ്ട പച്ചക്കറികള്‍ നുറുക്കി ചെപ്പിലാക്കി വെക്കാം. തേങ്ങ ചേര്‍ക്കാത്ത വിഭവങ്ങള്‍ ഓണത്തിന് കുറവാണ്. തേങ്ങ തലേ ദിവസം തന്നെ ചിരകി ഫ്രിഡ്ജില്‍വെക്കാം.

vegitables

തേങ്ങ അരച്ച് സാമ്പാര്‍ വെക്കുന്നവരാണെങ്കില്‍ അതിനുള്ള നാളികേരം തലേദിവസം തന്നെ വറുത്ത് നനവില്ലാത്ത ഒരു കുപ്പിയില്‍ ചൂടാറിയതിന് ശേഷം എടുത്ത് സൂക്ഷിച്ച് വെക്കാവുന്നതാണ്. അതുപോലെ പിറ്റേന്ന് രാവിലെ തന്നെ ആദ്യം സാമ്പാര്‍ വച്ച് തുടങ്ങാം അപ്പോൾ പണി എളുപ്പം തീരും.

പായസത്തിനുള്ള സേമിയ തലേന്ന് തന്നെ വറുത്തു വയ്ക്കുകയാണെങ്കിൽ പായസത്തിന്റെ പണിയും കുറഞ്ഞു കിട്ടും.