മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട; സോഫ്റ്റ് ചപ്പാത്തിക്ക് ഈ ട്രിക്ക് മതി!
ആരോഗ്യത്തിന് മുൻഗണന നൽകി ചോറിന് പകരം ചപ്പാത്തി ശീലമാക്കിയവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. എന്നാൽ വീട്ടിൽ പരന്ന പരന്ന പാകത്തിൽ സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കുക എന്നത് പലർക്കും വലിയൊരു കടമ്പയാണ്; ചൂടാറിക്കഴിഞ്ഞാൽ പലപ്പോഴും അത് കല്ലുപോലെയാകാറുമുണ്ട്. ഈ ബുദ്ധിമുട്ട് കാരണം കടകളിൽ കിട്ടുന്ന ഇൻസ്റ്റന്റ് ചപ്പാത്തികളെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്നാൽ ഇനി ആ വിഷമം വേണ്ട, വളരെ എളുപ്പത്തിൽ പഞ്ഞിപോലെ സോഫ്റ്റ് ചപ്പാത്തി തയാറാക്കാൻ കിടിലൻ വഴികളുണ്ട്.
ചപ്പാത്തി സോഫ്റ്റ് ആവണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് മാവ് തയ്യാറാക്കാൻ എടുക്കുന്ന വെള്ളത്തിന്റെ അളവാണ്. കുഴയ്ക്കുന്ന പാത്രത്തിൽ ഒട്ടിപിടിക്കാതെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ മാവ് പെർഫെക്ട് ആണെന്നാണ് അർത്ഥം. മാവ് കുഴയ്ക്കുമ്പോൾ ചെയ്യേണ്ടുന്ന ചില നുറുങ്ങുവഴികളുണ്ട്.
മാവ് തയ്യാറാക്കുമ്പോൾ ചൂടുവെള്ളം വേണം ഉപയോഗിക്കാൻ. ആദ്യം ചൂടുവെള്ളം പാത്രത്തിലേക്ക് പകരം ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് വേണം കുഴയ്ക്കാൻ. അതിന് ശേഷം കൈയിൽ ലേശം മാവെടുത്ത് കുഴച്ച് നോക്കുക. മാവ് നല്ല സോഫ്റ്റ് ആണെന്ന് തോന്നിയാൽ അൽപ്പനേരം അടച്ചുവയ്ക്കുക. മാവിലേക്ക് ഒരു വിരൽ താഴ്ത്തുമ്പോൾ, വിരൽ താഴ്ന്നു പോകുന്ന വിധത്തിൽ മാവ് ലൂസായിരിക്കണം. പിന്നീട് ലേശം എണ്ണ കൂടി തടവിയതിന് ശേഷം പരത്തിയെടുക്കാം.
ചട്ടി നന്നായി ചൂടായതിന് ശേഷം മാത്രം ചപ്പാത്തി ചുട്ടെടുക്കുക. ചുട്ടെടുക്കുന്ന സമയത്ത് ചട്ടുകം കൊണ്ട് അമർത്താതിരിക്കാൻ ശ്രദ്ധിക്കണം. പാകമായ ചപ്പാത്തി ചട്ടിയിൽ നിന്ന് എടുക്കുന്നതിന് ശേഷം എണ്ണയോ നെയ്യോ പുരട്ടി ഒന്ന് ചൂടാക്കിയെടുക്കാം. ചുട്ടെടുക്കുന്ന ഓരോ ചപ്പാത്തിയും കാസറോളിൽ അടച്ചുവച്ച് സൂക്ഷിക്കുക. തുറന്നു വച്ചാൽ ചപ്പാത്തിയുടെ സോഫ്റ്റെനെസ് നഷ്ടമാവും.
.jpg)

