ദിവസവും മോയിസ്ചറൈസർ ഉപയോഗിച്ചിട്ടും ചർമ്മം വരണ്ടതായി തോന്നുന്നുണ്ടോ ?
നമ്മുടെ ചർമ്മം മൃദുവും മിനുസമുള്ളതും തിളക്കമുള്ളതുമായി നിലനിർത്താൻ ദിവസവും മോയിസ്ചറൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നിട്ടും, ചിലപ്പോൾ ചർമ്മം വരണ്ടതും വലിഞ്ഞുമുറുകിയതുമായി തോന്നാറുണ്ട്. ആരോഗ്യകരമായ ചർമ്മത്തിന്റെ രഹസ്യം പുറത്ത് പുരട്ടുന്ന ക്രീമുകൾ മാത്രമല്ല, ശരീരത്തിന്റെ ആന്തരികാവസ്ഥ കൂടിയാണെന്ന് പോഷകാഹാര വിദഗ്ധരും ഡെർമറ്റോളജിസ്റ്റുകളും പറയുന്നു.
ദിവസവും മോയിസ്ചറൈസർ ഉപയോഗിച്ചാലും ചർമ്മം വരണ്ടിരിക്കുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ നിങ്ങളോട് പങ്കുവെക്കുകയാണ് പോഷകാഹാര വിദഗ്ധയായ നമാമി അഗർവാൾ .
ഫാറ്റി ആസിഡുകളുടെ അഭാവം (ഒമേഗ-3, ഒമേഗ-6)
പോഷകാഹാര വിദഗ്ധയുടെ അഭിപ്രായത്തിൽ, ഒമേഗ-3, ഒമേഗ-6 ഉള്ള കൊഴുപ്പുകൾ ചർമ്മത്തില്‍ ഈർപ്പം നിലനിർത്തുന്നതിന് ആവശ്യമായ ഒരു സംരക്ഷണ പാളി ഉണ്ടാക്കാൻ സഹായിക്കുന്നു. ഇവയുടെ അഭാവത്തിൽ ചർമ്മം എളുപ്പത്തിൽ വരണ്ടുപോകാനും അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ചിയ സീഡ്സ്, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ, കോൾഡ്-പ്രസ്ഡ് ഓയിലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഈ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്
ചർമ്മത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സൂക്ഷ്മ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ഡിയുടെ കുറവ് ചർമ്മത്തെ വരണ്ടതും ജീവനില്ലാത്തതുമാക്കുന്നു. അതേസമയം വിറ്റാമിൻ എയും വിറ്റാമിൻ ഇയും ഈർപ്പം നിലനിർത്താനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ പരുപരുത്ത ഭാഗങ്ങൾ കുറയ്ക്കുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും സിങ്ക് അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെ ഈ പോഷകങ്ങൾ ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കിൽ, ഒരു മോയിസ്ചറൈസറിനും ആ കുറവ് നികത്താൻ കഴിയില്ല.
നിർജ്ജലീകരണവും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും
വെള്ളം കുടിക്കുന്നത് ശരീരത്തിലെ കോശങ്ങളിൽ ജലം നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ഇതിന് ആവശ്യമാണ്. ഇവയുടെ അഭാവത്തിൽ ദിവസം മുഴുവൻ വെള്ളം കുടിച്ചാലും ചർമ്മത്തില്‍ നിർജ്ജലീകരണം സംഭവിച്ചതായി തോന്നും.
പുറമേയുള്ള സംരക്ഷണം പ്രധാനമാണെങ്കിലും, ആരോഗ്യകരമായ തിളക്കമുള്ള ചർമ്മം ശരീരത്തിന്റെ ആന്തരികാവസ്ഥയെയാണ് പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. “വരണ്ട ചർമ്മത്തില്‍ നിന്ന് രക്ഷനേടാൻ പുറത്ത് എന്ത് പുരട്ടുന്നു എന്നതിനെ മാത്രമല്ല, ശരീരത്തിന് ആവശ്യമായത് എന്ത് നൽകുന്നു എന്നതിനെയും ശരീരം അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.” നമാമി പറയുന്നു.
.jpg)


