പ്രണയമില്ലെങ്കിലും ജീവിതം മനോഹരമാക്കാം; ഇന്ന് ലോകം സിംഗിൾസ് ഡേ ആഘോഷിക്കുന്നു
പ്രണയദിനവും ദമ്പതികൾക്കായുള്ള ആഘോഷങ്ങളും ലോകമെമ്പാടും ശ്രദ്ധ നേടുമ്പോൾ, സ്വന്തം ജീവിതവും സ്വാതന്ത്ര്യവും ആഘോഷിക്കാൻ ഒരു പ്രത്യേക ദിനമുണ്ട്. അതാണ് നവംബർ 11-ന് ആചരിക്കുന്ന സിംഗിൾസ് ഡേ. പ്രണയബന്ധത്തിലല്ലാത്തവർക്കും അവിവാഹിതർക്കും സ്വന്തം ഇഷ്ടങ്ങൾക്കും വ്യക്തിത്വത്തിനും പ്രാധാന്യം നൽകാനുള്ള അവസരമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. ചൈനയിൽ ആരംഭിച്ച ഈ ആഘോഷം ഇന്ന് വിവിധ രാജ്യങ്ങളിൽ ശ്രദ്ധ നേടുകയാണ്.
1993-ൽ ചൈനയിലെ നാൻജിങ് സർവകലാശാലയിലെ വിദ്യാർഥികളാണ് സിംഗിൾസ് ഡേ എന്ന ആശയത്തിന് തുടക്കമിട്ടതെന്നാണ് പൊതുവെ പറയപ്പെടുന്നത്. നവംബർ 11 എന്ന തീയതിയിലെ 11/11 എന്ന രൂപത്തിൽ നാല് ഒന്നുകൾ കാണപ്പെടുന്നു. ഓരോന്നും ഒറ്റയ്ക്ക് നിൽക്കുന്ന വ്യക്തിയെ പ്രതിനിധീകരിക്കുന്നു എന്ന ആശയമാണ് ഈ തീയതിയുടെ പ്രത്യേകത. തുടക്കത്തിൽ സുഹൃത്തുക്കൾ ഒത്തുകൂടിയും ചെറിയ ആഘോഷങ്ങൾ സംഘടിപ്പിച്ചുമായിരുന്നു ഈ ദിനം ആചരിച്ചിരുന്നത്.
പിന്നീട് ഈ ദിനത്തിന് മറ്റൊരു മുഖം കൂടി ലഭിച്ചു. 2009-ൽ ചൈനയിലെ ആലിബാബ കമ്പനി നവംബർ 11-ന് പ്രത്യേക ഓൺലൈൻ ഷോപ്പിങ് ഓഫറുകൾ അവതരിപ്പിച്ചതോടെ സിംഗിൾസ് ഡേ വലിയ വ്യാപാര മേളയായി വളർന്നു. ഇന്ന് ഷോപ്പിങ് ആഘോഷത്തിനപ്പുറം സ്വയം സ്നേഹിക്കാനും സ്വന്തം സന്തോഷത്തിന് സമയം കണ്ടെത്താനും ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്. ഇഷ്ടപ്പെട്ട സിനിമ കാണുക, സുഹൃത്തുക്കളെ സന്ദർശിക്കുക, യാത്ര പോകുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ സ്വന്തം ജീവിതം ആഘോഷിക്കാമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്.
.jpg)

