ജോലി ചെയ്യുന്നു, പക്ഷേ മനസ്സില്ല! തൊഴിലിടങ്ങളിലെ പുതിയ ട്രെൻഡ് ‘ഷിഫ്റ്റ് സൾക്കിംഗ്’ എന്താണ്?
ജോലിക്ക് കൃത്യസമയത്ത് എത്തുന്നു, ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കുന്നു, പക്ഷേ സഹപ്രവർത്തകരോട് സംസാരിക്കാനോ ജോലിയിൽ കൂടുതൽ താൽപ്പര്യം കാണിക്കാനോ മനസ്സില്ല. ഓഫീസിലെ ജോലിഭാരത്തിലും മാനേജ്മെന്റിന്റെ സമീപനത്തിലും അതൃപ്തിയുണ്ടെങ്കിലും അത് തുറന്നുപറയാതെ പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കുന്ന ഈ രീതിക്ക് ഇന്ന് പറയുന്ന പേരാണ് ‘ഷിഫ്റ്റ് സൾക്കിംഗ്’. ജോലിയിൽ നിന്ന് വിട്ടുനിൽക്കാതെ തന്നെ മടുപ്പും പ്രതിഷേധവും നിശബ്ദമായി പ്രകടിപ്പിക്കുന്ന ഈ പ്രവണത എന്താണ്? എന്തുകൊണ്ടാണ് ജീവനക്കാർ ഇത്തരമൊരു സമീപനത്തിലേക്ക് മാറുന്നത്? പരിചയപ്പെടാം.
സഹപ്രവർത്തകരുമായി ആരോഗ്യപരമായ ചർച്ചകളിലോ തമാശകളിലോ ഏർപ്പെടാതിരിക്കുന്നത് ഇത്തരം ആളുകളുടെ ലക്ഷണമാണ്. എപ്പോഴു അസ്വസ്ഥരാണെന്ന തോന്നൽ ഇത്തരക്കാർ മറ്റുള്ളവരിൽ ഉണ്ടാക്കുന്നു. ഇവർ ടീം വർക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയും നിർബന്ധിത ജോലികൾ മാത്രം എപ്പോഴും ചെയ്യാൻ ശ്രമിക്കുന്നു. ഷിഫ്റ്റ് സൾക്കിംഗ് ഒരാളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഒരു ജീവനക്കാരൻ മോശം മാനസികാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ അത് മറ്റുള്ളവരെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഒരാളുടെ നിശബ്ദമായ ദേഷ്യം, അതൃപ്തി എന്നിവ ടീമിന്റെ മുഴുവൻ ആവേസം കെടുത്തിക്കളയുന്നു. ഇത് മറ്റു ജീവനക്കാരിലും മടുപ്പ് ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
അമിതമായ ജോലിഭാരം, ചെയ്യുന്ന ജോലിയ്ക്ക് അർഹമായ അംഗീകാരം ലഭിക്കാതിരിക്കുക, മാനേജ്മെന്റുമായിട്ടുള്ള ആശയവിനിമയക്കുറവ് എന്നിവയാണ് ജീവനക്കാരെ ഈ അവസ്ഥയിലേക്ക് തല്ലിവിടുന്നത്. ജോലി രാജിവയ്ക്കാൻ താത്പര്യമില്ലാത്തവർ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കുന്ന രീതിയാണിത്. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കമ്പനി പ്രാധാന്യം നൽകുക മാത്രമാണ് ഇക്കാര്യത്തിന് പരിഹാരമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ജീവനക്കാർക്ക് അവരുടെ പരാതി പറയാൻ കൃത്യമായ വേദി ഒരുക്കി നൽകണം. നല്ല രീതിയിൽ ജോലി ചെയ്യുന്നവരെ കൃത്യ സമയത്ത് തന്നെ അഭിനന്ദിക്കാനുള്ള സന്നദ്ധതയും കമ്പനി കാണിയ്ക്കണം.
.jpg)


