മിക്സിയുടെ ബ്ലേഡിന് മൂർച്ച കൂട്ടാം
മിക്ക വീടുകളുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് മിക്സി ഗ്രൈൻഡർ. മാവ് അരച്ചെടുക്കാനും ചമ്മന്തി അരക്കാനും മസാല പൊടിക്കാനുമെല്ലാം മിക്സി ഉപയോഗിക്കാറുണ്ടാകും അല്ലേ? മിക്സി കറക്കിയെടുക്കാത്ത ദിവസം വിരളമാണെന്ന് പറയാം.
ഇത്തരത്തിൽ നിരന്തരം മിക്സി ഉപയോഗിക്കുമ്പോൾ അവയിലെ ബ്ലേഡുകളുടെ മൂർച്ചയും പ്രവർത്തന ക്ഷമതയും പെട്ടെന്നു കുറയാനിടയുണ്ട്. എന്നാൽ മിക്സി ബ്ലേഡുകളുടെ മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
മുട്ടത്തോട് മാജിക്ക്
മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ ഏറ്റവും എളുപ്പത്തിൽ സഹായിക്കുന്ന ഒന്നാണ് മുട്ടത്തോട്. ഇതിനായി മുട്ടത്തോട് നന്നായി കഴുകി ഉണക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിക്കാം. സെക്കൻഡുകൾ തന്നെ പൊടിഞ്ഞുകിട്ടും. മുട്ടത്തോടിന്റെ പരുപരുപ്പ് ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ പഴയ മൂർച്ച തിരികെ ലഭിക്കാനും ഇത് ഗുണം ചെയ്യും.
കല്ലുപ്പ് ഉണ്ടോ?
മിക്ക വീടുകളിലും കല്ലുപ്പ് ഉണ്ടാകും. ഈ കല്ലുപ്പും നിങ്ങളുടെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടും. ഇതിനായി ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് ജാറിലിട്ട് അല്പനേരം പൾസ് ചെയ്യണം. കല്ലുപ്പിന്റെ പരുക്കൻ തരികൾ ഉരയുന്നതിലൂടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാനാകും.
ഐസ് ക്യൂബ് ബെസ്റ്റ്
ഐസ് ക്യൂബുകൾ ഉപയോഗിച്ചും ചെലവില്ലാതെ ബ്ലേഡിന്റെ മൂർച്ച കൂട്ടാം. ഇതിനായി കുറച്ചു ഐസ് ക്യൂബുകൾ ജാറിലിട്ട് മിക്സി അല്പനേരം പ്രവർത്തിപ്പിക്കണം. ഐസിന്റെ കാഠിന്യം ബ്ലേഡുകളെ വൃത്തിയാക്കാനും മൂർച്ച കൂട്ടാനും സഹായിക്കും. ബ്ലേഡിന്റെ അരികുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
.jpg)

