ഇനി കുക്കർ വെച്ചാൽ പേടിക്കേണ്ട! വെള്ളം ചീറ്റുന്നത് തടയാൻ എളുപ്പവഴികൾ
അടുക്കളയിൽ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ കുക്കർ വിസിലടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പതഞ്ഞൊഴുകുന്നതും ചീറ്റുന്നതും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അടുക്കള വൃത്തികേടാകുന്നതിനൊപ്പം പാചകത്തിനും ഇത് തടസ്സമാകാം. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. പ്രഷർ കുക്കറിൽ നിന്ന് വെള്ളം പുറത്തേക്ക് ചീറ്റുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കുക്കറിന്റെ റിംഗിൽ എന്തെങ്കിലും തരത്തിലുള്ള വിള്ളലോ മുറിവോ ഉണ്ടെങ്കിൽ അത് മാറ്റി പുതിയത് ഉപയോഗിക്കണം. റിംഗിലെ കേടുപാടുകൾ കുക്കറിൽ നിന്നും വെള്ളം ചീറ്റാൻ കാരണമായേക്കാം.
കുക്കറിന്റെ വെന്റ് ട്യൂബ് ഇടയ്ക്കിടെ പരിശോധിക്കുകയും അതിനുള്ളിൽ ഭക്ഷണപദാർത്ഥങ്ങളോ അഴുക്കോ തങ്ങിനിൽപ്പുണ്ടെങ്കിൽ അത് വൃത്തിയാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
•പാചകം ചെയ്യുമ്പോൾ ഭക്ഷണ പദാർത്ഥത്തിന് മുകളിൽ എത്തുന്നതുവരെ മാത്രം വെള്ളം നിറയ്ക്കുക. വെള്ളം കൂടിപ്പോയാൽ കുക്കറിൽ നിന്നും ലീക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
•ഭക്ഷണം ഒരിക്കലും കുക്കറിൽ കുത്തിനിറച്ച് പാകം ചെയ്യരുത്. ഇത് ലീക്കേജ് ഉണ്ടാക്കുന്നത് കൂടാതെ കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
•പയർ വർഗ്ഗങ്ങളോ അരിയോ വേവിക്കുമ്പോൾ ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുന്നത് വെള്ളം പതഞ്ഞൊഴുകുന്നത് തടയാൻ സഹായിക്കും.
അടുക്കളയിലെ പാചകം സുരക്ഷിതവും വൃത്തിയുള്ളതുമാക്കാൻ ഈ ചെറിയ മുൻകരുതലുകൾ എടുക്കുന്നത് ഏറെ ഗുണകരമാണ്.
.jpg)


