അടുക്കളയിലെ വില്ലനാകുമോ പ്രഷർ കുക്കർ? അപകടങ്ങൾ ഒഴിവാക്കാൻ ഈ സുരക്ഷാ ടിപ്പുകൾ അറിയൂ

pressure cooker


അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് പ്രഷർ കുക്കർ. പാചകം വേഗത്തിലും ഇന്ധനച്ചെലവ് കുറച്ചും പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നതിനാൽ മിക്ക വീടുകളിലും കുക്കർ ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ കൃത്യമായ ഉപയോഗവും പരിപാലനവും ഇല്ലെങ്കിൽ പ്രഷർ കുക്കർ അപകടത്തിന് കാരണമാകാനും സാധ്യതയുണ്ട്. ചെറിയ അശ്രദ്ധ പോലും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കാമെന്നതിനാൽ കുക്കർ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.


പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വെന്റിലേഷൻ ട്യൂബിലെ തടസ്സമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. നീരാവി പുറത്തുപോകാൻ പറ്റാത്ത രീതിയിൽ ഭക്ഷണപദാർത്ഥമോ മറ്റോ വെന്റിലേഷൻ ട്യൂബിൽ അടയുന്നത് കുക്കർ പൊട്ടിത്തെറിക്കാൻ കാരണമാകും. കുക്കറിന്റെ മുക്കാൽ ഭാഗത്തിൽ അധികവും ഭക്ഷണം നിറക്കുന്നതും അപകടം വിളിച്ചു വരുത്തും. കുക്കറിൽ വെള്ളത്തിന്റെ അളവും കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അടുത്തത്, വാഷറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം കുക്കർ സ്റ്റൗവിൽ വെക്കുക എന്നതാണ്. വാഷറിന് തകരാറുണ്ടെങ്കിൽ വശങ്ങളിലൂടെ എയർ ലീക്കാവാനും ഇത് കരിഞ്ഞ് വെന്റ് ട്യൂബ് അടയാനും കാരണമാകും. കുക്കർ ഉപയോഗിക്കുമ്പോൾ വെന്റിലേഷൻ ട്യൂബ് അടഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവു.

പ്രഷർ പോകാതെ ഒരിക്കലും കുക്കർ തുറക്കാൻ പാടില്ല. ഇതും അപകടം ഒഴിവാക്കാൻ സഹായിക്കും. കൃത്യസമയത്തു തന്നെ വാഷറും വാൽവും മാറ്റുകയും വേണം. ഒരിക്കലും കേട് വരുന്നത് വരെ കാത്തിരിക്കരുത്. ഇത്തരം കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഒരുപരിധി വരെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെ മറികടക്കാൻ സഹായിക്കും.
 

Tags