പടികളിറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരാണോ? ഒരു നിമിഷത്തെ അശ്രദ്ധ ജീവിതം മാറ്റിമറിച്ചേക്കാം!
നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിന് കിടക്കുമ്പോൾ പോലും സ്മാർട്ട്ഫോണിൽ നിന്ന് കണ്ണെടുക്കാത്ത ഒരു തലമുറയായി നമ്മൾ മാറിക്കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിന്റെ ഈ അഡിക്ഷൻ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും, അതിനേക്കാൾ വലിയ അപകടമാണ് ഇപ്പോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ ഇറങ്ങുന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ.
നമ്മളെ സംബന്ധിച്ചിടത്തോളം പടികൾ ഇറങ്ങുക എന്നത് ഒരു ‘യാന്ത്രിക ശീലം’ മാത്രമാണ്. എന്നാൽ നാഡീശാസ്ത്രപരമായി ഇതൊരു വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഓരോ പടി ഇറങ്ങുമ്പോഴും നമ്മുടെ മസ്തിഷ്കം ആഴം, ദൂരം, സമയം, ശരീരത്തിന്റെ ബാലൻസ് എന്നിവ മൈക്രോ സെക്കൻഡുകൾക്കുള്ളിൽ വിശകലനം ചെയ്യുന്നുണ്ട്. നിരപ്പായ റോഡിലൂടെ നടക്കുന്നതുപോലെയല്ല ഇത്. പടികളിൽ മസ്തിഷ്കത്തിന് കൊടുക്കേണ്ടി വരുന്ന അധ്വാനം വളരെ കൂടുതലാണ്.
പടികൾ ഇറങ്ങുന്നതിനിടയിൽ നിങ്ങൾ ഫോണിൽ സംസാരിക്കുകയാണെന്ന് കരുതുക. ആ സമയം നിങ്ങളുടെ മസ്തിഷ്കം ഭാഷ കൈകാര്യം ചെയ്യുന്നതിലും, വൈകാരികമായി പ്രതികരിക്കുന്നതിലും, ഓർമ്മകൾ ചികയുന്നതിലും തിരക്കിലായിരിക്കും. ഈ സാഹചര്യത്തിൽ ചലനങ്ങളെ നിയന്ത്രിക്കാനുള്ള മസ്തിഷ്കത്തിന്റെ ശേഷി ഗണ്യമായി കുറയുന്നു.
ഒരു വ്യക്തി ഫോണിൽ മുഴുകുമ്പോൾ അയാളുടെ പ്രതികരണശേഷി (Reaction time) 200 മില്ലിസെക്കൻഡോളം സാവധാനത്തിലാകുന്നു. അതായത്, പടികളിൽ കാലൊന്ന് തെറ്റിയാൽ അതിനെ പെട്ടെന്ന് പ്രതിരോധിക്കാൻ മസ്തിഷ്കത്തിന് സാധിക്കില്ലെന്ന് ചുരുക്കം. ശശി തരൂർ എംപി പടികളിറങ്ങുന്നതിനിടെ ഫോൺ ഉപയോഗിച്ചപ്പോൾ കാലിടറിയ വീഡിയോ മുൻനിർത്തിയാണ് ഡോക്ടർ ഈ അപകടാവസ്ഥ വിശദീകരിച്ചത്.
“ഫോൺ സംസാരിച്ചുകൊണ്ട് പടികൾ ഇറങ്ങുന്നത് വലിയ വില കൊടുക്കേണ്ടി വരുന്ന കാര്യമാണ്,” ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. സംസാരം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ പടികൾ ഇറങ്ങിയ ശേഷം മാത്രം ഫോൺ ഉപയോഗിക്കുക. സുരക്ഷിതമായ നടത്തത്തിന് കണ്ണുകൾ പാതയിലും മനസ്സ് ശരീരത്തിലുമായിരിക്കണം. ഓർക്കുക, ആ ഒരു ഫോൺ കോളിനേക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ ജീവിതം.
.jpg)


