മുറിച്ച സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പാചകത്തിൽ സവാളയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കറികളായാലും ഉപ്പേരിയായാലും സവാള ചേർത്താൽ രുചി കൂടുമെന്നാണ് പലരുടെയും വിശ്വാസം. അതുകൊണ്ടുതന്നെ ദിവസവും സവാള അരിയേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പലരും ഇത് നേരത്തെ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, മുറിച്ച സവാള ഇങ്ങനെ സൂക്ഷിക്കുന്നത് ശരിയാണോ? എത്രനാൾ സുരക്ഷിതമായി വയ്ക്കാം, എങ്ങനെ സൂക്ഷിക്കണം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കാം.
അരിഞ്ഞും മുറിച്ചുമെല്ലാം സവാള ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ അത് വിഷമായി മാറാനിടയുണ്ടെന്ന തരത്തിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇത് വാസ്തവമാണോ? യഥാർത്ഥത്തിൽ ഇത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല. എന്നാല്‍ സവാള ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കിൽ പണി കിട്ടാൻ ഇടയുണ്ട്. ബാക്ടീരിയകള്‍ വളരാനും സവാളയുടെ ഗുണം കുറയാനും അത് കാരണമാകും.
അരിഞ്ഞതോ മുറിച്ചതോ ആയ സവാള തുറന്നുതന്നെ ഫ്രിഡ്ജില്‍ വയ്ക്കുന്നത് നന്നല്ല. അരിഞ്ഞ സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കിൽ ഒരു ബോക്‌സില്‍ അടച്ച് സൂക്ഷിക്കണം. സവാളയിലെ ഈര്‍പ്പം കാരണം പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍ പാത്രത്തിനടയില്‍ ഒരു ടിഷ്യുപേപ്പറും വയ്ക്കാം. സവാള മുറിച്ചുകഴിഞ്ഞാല്‍ അധികം താമസിക്കാതെ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. ദീര്‍ഘനേരം പുറത്തിരുന്നാല്‍ അതില്‍ ബാക്ടീരിയകള്‍ വളർന്നേക്കും.
സവാള മുറിച്ച ശേഷം അതിന്റെ ബാക്കി വരുന്ന കഷ്ണം ഫ്രിഡ്ജില്‍ തുറന്ന് വയ്ക്കുന്നവരുമുണ്ട്. ഇതും ബാക്ടീരിയ വളരാന്‍ കാരണമാകും. മുറിച്ചെടുത്ത സവാള പാത്രത്തില്‍ അടച്ചുവച്ച് മാത്രം സൂക്ഷിക്കണം. കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കണമെങ്കിൽ സവാള അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ നിരത്തിവച്ച് 1-2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കാം. ശേഷം ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേകാലം കേടുവരാതെ സൂക്ഷിക്കാനാവും.
.jpg)


