വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? ഇതാ പരിഹാരം

 Mouth Ulcers

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് (Mouth ulcers). ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും.

പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഇതിന് പുറമെ പല്ലുകൾ കമ്പിയിടുന്നതും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണിന് കാരണമാകാറുണ്ട്.

ചില ഭക്ഷണങ്ങളോടുള്ള സെൻസിറ്റിവിറ്റി അല്ലെങ്കിൽ ചില പോഷകാഹാരക്കുറവുകൾ മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. ധാരാളം വെള്ളം കുടിക്കുക, ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകൽ എന്നിവ ഇത് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. വായ്പ്പുണ്ണ് രണ്ടാഴ്ചയോ അതിൽ കൂടുതലോ നിൽക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണണമെന്ന് പോഷകാഹാര വിദഗ്ധൻ മൻപ്രീത് കൽറ പറഞ്ഞു.

വിറ്റാമിൻ ഗുളികകളും ഓയിൻമെന്റുകളും ജെല്ലുകളുമെല്ലാം ഡോക്ടർമാർ വായ്പ്പുണ്ണിനുള്ള മരുന്നായി നിർദ്ദേശിക്കാറുണ്ട്. അതോടൊപ്പം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് മൻപ്രീത് കൽറ പങ്കുവച്ചു.

വെളിച്ചെണ്ണ ഉപയോഗിച്ച് ഓയിൽ പുള്ളിംഗ് ചെയ്യുന്നത് വീക്കം കുറയ്ക്കാനും വായിലെ പുണ്ണ് ഒരു പരിധി വരെ കുറയ്ക്കാനും സഹായകമാണ്. വെളിച്ചെണ്ണ ഇല്ലെങ്കിൽ എള്ളെണ്ണയോ ഒലീവ് ഓയിലോ ഉപയോഗിച്ച് ഇതു ചെയ്യാവുന്നതേയുളളൂ. എന്നാൽ ഏറ്റവും നല്ലത് വെളിച്ചെണ്ണ തന്നെയാണെന്നു പറയാം. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളിച്ചെണ്ണ. ശരീരത്തിന്റേയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. ചെറുപയർ, പയർ, നട്സ് തുടങ്ങിയ വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കുടലിൽ നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിന് മോര് അല്ലെങ്കിൽ പ്രോബയോട്ടിക് സപ്ലിമെന്റുകൾ ഉൾപ്പെടുത്തുക.

വായ്പ്പുണ്ണ് മാറ്റാൻ മറ്റൊരു പ്രതിവിധിയാണ് തേൻ. പല രോഗങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് തേൻ. വായ്പ്പുണ്ണുള്ള ഭാ​ഗത്ത് തേൻ മിനുട്ട് പുരട്ടി 20 മിനുട്ട് ഇട്ടേക്കുക. ശേഷം ചൂട് വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. വായ്പ്പുണ്ണിന് പരിഹാരം കാണാൻ ഏറ്റവും മികച്ച ഒന്നാണ് കറ്റാർവാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.

വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായിൽ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും വയറ്റിൽ എന്തെങ്കിലും തരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുന്നു. ഉപ്പ് പല രോഗങ്ങൾക്കും പ്രതിരോധം തീർക്കുന്ന ഒന്ന് തന്നെയാണ്. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിൾക്കൊള്ളുക. ഇത് ഒരു പരിധി വരെ വായ്പ്പുണ്ണ് കുറയ്ക്കാൻ സഹായകമാണ്.

Share this story