ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ദിവസവും കഴിക്കാം കക്കിരിക്ക
ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. വേനൽകാല സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നുകൂടിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഇങ്ങനെ ഒട്ടേറെ ഗുണങ്ങളുണ്ട് വെള്ളരിക്കയ്ക്ക്. അവ ഏതൊക്കെയെന്ന് നോക്കിയാലോ?
വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായിയാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.
പ്രമേഹരോഗികൾക്കും വെള്ളരിക്ക കഴിക്കാം. ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ വെള്ളരിക്ക ചർമ്മത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കും. അതിനായി ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.