ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ ഹെൽത്തി ലഡു; വീട്ടിൽ തന്നെ തയ്യാറാക്കാം
ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വിപണിയിലെ വിലപിടിപ്പുള്ള പല സാധനങ്ങളുടെയും പിറകെ പോകുന്നവരാണ് ഒരു വിഭാഗം ജനങ്ങൾ. എന്നാൽ പണം ചിലവാകുന്നതല്ലാതെ യാതൊരു ഉപയോഗവും ഇത് വഴി ഉണ്ടാവുന്നില്ലെന്നതാണ് സത്യം. അതിലുപരി ആരോഗ്യ പ്രശ്നങ്ങളും നമ്മെ തേടി എത്തും. എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത, വീട്ടിൽ തന്നെ എളുപ്പം തയ്യറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ലഡു വിന്റെ റെസിപ്പി നോക്കാം.
ചേരുവകൾ
നെയ്യ്
ഈന്തപ്പഴം
ബദാം
അണ്ടിപരിപ്പ്
വാൾനട്ട്
കപ്പലണ്ടി
തണ്ണിമത്തൻ വിത്ത്
പംകിൻ വിത്ത്
വെള്ള എള്ള്
പോപ്പി സീഡ്
തേങ്ങ ചിരകിയത്
ജാതിക്കപ്പൊടി
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിലേക്ക് ഒരു ടീസ്‌പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്ക്ക് പകരം ഒലീവ് ഓയിൽ ചേർത്താലും മതി. അതിലേക്ക് 250 ഗ്രാം കുരുകളഞ്ഞ മൃദുവായ ഈന്തപ്പഴം ചേർക്കുക. ഇവ നന്നായിട്ട് ഇളക്കുക. ഈന്തപ്പഴം അഞ്ച് മിനിട്ടെങ്കിലും ചെറിയ തീയിൽ ഇളക്കിയെടുക്കുക. ശേഷം ഈന്തപ്പഴത്തെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഈന്തപ്പഴം ഇളക്കിയ പാത്രത്തിൽ തന്നെ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുക്കുക. അതിലേക്ക് കാൽ കപ്പ് വീതം ബദാം, അണ്ടിപരിപ്പ്, പിസ്ത, രണ്ട് ടേബിൾ സ്പൂൺ വാൾനട്ട്, കപ്പലണ്ടി എന്നിവ ചേർക്കാം, ശേഷം നന്നായി ഇളക്കണം. ഏകദേശം മൂന്ന് മിനിട്ടെങ്കിലും ഇളക്കുക. തുടർന്ന് മറ്റൊരു പാത്രത്തിൽ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുത്ത് കാൽ കപ്പ് തണ്ണിമത്തൽ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, രണ്ട് ടീസ്പൂൺ പോപ്പി സീഡ്, രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
അതിനുശേഷം വലിയൊരു പാത്രത്തിലേക്ക് ഈ സാധനങ്ങൾ മാറ്റുക. അതിലേക്ക് ഈന്തപ്പഴവും ഒരു ടേബിൾസ്‌പൂൺ ജാതിക്കപ്പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ലഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ ലഡു ഫ്രിഡ്ജിലോ പുറത്തോ ജലാംശമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്
.jpg)

