ദുർഗന്ധം മാറി ഫ്രിഡ്ജ് എപ്പോഴും ഫ്രഷ്! ഈ ഒരു കാര്യം ചെയ്താൽ മതി
ഭക്ഷണസാധനങ്ങൾ കൂടുതൽ ദിവസം പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം തുടങ്ങിയവ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്ന ദുർഗന്ധം ഉണ്ടാകാം. പതിവായി വൃത്തിയാക്കിയാലും ഈ മണം പൂർണമായും മാറണമെന്നില്ല. എന്നാൽ വീട്ടിലുള്ള ചില ലളിതമായ സാധനങ്ങൾ ഉപയോഗിച്ച് ഫ്രിഡ്ജിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റി എപ്പോഴും ഫ്രഷായി നിലനിർത്താൻ സാധിക്കും.
വീട്ടിലെ നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫ്രിഡ്ജ്. ആഹാരപദാർത്ഥങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാൻ നമ്മെ സഹായിക്കുന്ന ഈ ഉപകരണം പലപ്പോഴും കൃത്യമായി പരിപാലിച്ചില്ലെങ്കിൽ വലിയൊരു തലവേദനയായി മാറാറുണ്ട്. പലതരം ഭക്ഷണങ്ങൾ ഒരുമിച്ച് വെക്കുന്നതുകൊണ്ടും, പച്ചക്കറികളോ പഴങ്ങളോ അഴുകുന്നതുകൊണ്ടും ഫ്രിഡ്ജിനുള്ളിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഈ ഗന്ധം മാറ്റാൻ കൃത്രിമ സുഗന്ധദ്രവ്യങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.
എന്നാൽ, അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് ഫ്രിഡ്ജിലെ ദുർഗന്ധവും കറകളും ബാക്ടീരിയകളും പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും. വിനാഗിരിയും വാഷിങ് ലിക്വിഡും ചേർന്നുള്ള ഈ മിശ്രിതം ഫ്രിഡ്ജ് വൃത്തിയാക്കാൻ മാത്രമല്ല, അത് പുതുപുത്തനായി സൂക്ഷിക്കാനും ഏറെ ഫലപ്രദമാണ്. രാസവസ്തുക്കളുടെ ഭയമില്ലാതെ സുരക്ഷിതമായി ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു എളുപ്പവിദ്യയാണിത്.
ചേരുവകൾ
വെള്ളം- 1 കപ്പ് , വാഷിങ് ലിക്വിഡ്- ആവശ്യത്തിന്, വൈറ്റ് വിനാഗിരി- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ഒഴിക്കാം. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം കാൽ കപ്പ് വൈറ്റ് വിനാഗിരി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
ഉപയോഗിക്കേണ്ട വിധം
ഫ്രിഡ്ജിലെ സാധനങ്ങൾ കാലിയാക്കിയതിനു ശേഷം ഈ മിശ്രതം സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാം.
.jpg)

