ചിക്കൻ ഫ്രിഡ്ജിൽ എത്ര ദിവസം വരെ സൂക്ഷിക്കാം? അറിയാം സുരക്ഷിതമായ വഴികൾ
പച്ചക്കറികൾ, ചിക്കൻ, മത്സ്യം തുടങ്ങി ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും കേടാകാതെ സൂക്ഷിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഫ്രിഡ്ജിൽ വെച്ചാൽ ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കരുതുന്നത് ശരിയാണോ? പ്രത്യേകിച്ച് ചിക്കൻ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഉൾപ്പെടെയുള്ള ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.
യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) നിർദ്ദേശപ്രകാരം, ചിക്കൻ ഫ്രിഡ്ജിൽ 1 മുതൽ 2 ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. കടയിൽനിന്ന് വാങ്ങിക്കൊണ്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചിക്കൻ 48 മണിക്കൂറിനകം പാകം ചെയ്യണമെന്നാണ് നിർദേശിക്കുന്നത്.
അതേസമയം ഫ്രീസറിലാണെങ്കിൽ കട്ട് ചെയ്ത ചിക്കൻ 9 മാസം വരെ കേടുകൂടാതെ ഇരിക്കും. കട്ട് ചെയ്യാത്ത ഫുൾ ചിക്കൻ ആണെങ്കിൽ ഒരു വർഷം വരെ ഫ്രീസറിൽ സൂക്ഷിക്കാം. ഇനി പാകം ചെയ്ത ചിക്കൻ എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാനാകുമെന്ന് നോക്കാം. പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ 3-4 ദിവസം വരെയും ഫ്രീസറിൽ 2-6 മാസം വരെയും സൂക്ഷിക്കാം.
ചിക്കൻ കേടായത് എങ്ങനെ തിരിച്ചറിയാനാകുമെന്ന് നോക്കാം. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചിരിക്കുന്ന ചിക്കൻറെ നിറം പിങ്ക് മാറി ചാരനിറമോ പച്ചയോ ആകുന്നത് ഇറച്ചി ചീത്തയായതിൻ്റെ ലക്ഷണമാണ്. അമോണിയ പോലെയുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടാൽ ഒരുകാരണവശാലും ആ ചിക്കൻ ഉപയോഗിക്കരുത്.
.jpg)


