റേറ്റിങ് ഏജൻസികൾക്ക് കടുത്ത ചട്ടങ്ങൾ: കേന്ദ്രത്തിന്റെ പുതിയ നയം, ലാന്‍ഡിങ് പേജ് കാഴ്ചകള്‍ ഇനി റേറ്റിങ്ങില്‍ വരില്ല

Viewership gained through channel landing page will not be considered as rating; Central government to revise TRP norms

ന്യൂഡൽഹി: പുതിയ റേറ്റിങ് സംവിധാന നയം കേന്ദ്രസർക്കാർ പുറത്തിറക്കി. ടി.വി. റേറ്റിങ് ഏജൻസികളുടെ രജിസ്‌ട്രേഷൻ, പ്രവർത്തനം, ഓഡിറ്റ്, മേൽനോട്ടം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളാണ് വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയത്. പുതിയ നയം 2014-ലെ പഴയ മാർഗനിർദേശങ്ങൾക്ക് പകരമായാണ്. പ്രേക്ഷകരുടെ എണ്ണത്തിൽ വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിലൂടെ പൊതുജനഹിതം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

പ്രധാന നിർദേശങ്ങൾ

    ടി.വി. റേറ്റിങ് ഏജൻസിയായി രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ആസ്തി 20 കോടിയിൽനിന്ന് അഞ്ചു കോടിയാക്കി
    ഡയറക്ടർ ബോർഡിൽ കുറഞ്ഞത് 50 ശതമാനം സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. ബ്രോഡ്കാസ്റ്റർമാരുമായി ബന്ധമുള്ളവരെ ഒഴിവാക്കും
    കാഴ്ചക്കാരുടെ പ്രാതിനിധ്യ പരിശോധന 18 മാസത്തിനകം 80,000 വീടുകളിലേക്കും (നിലവിൽ ആറുമാസത്തിനകം) പിന്നീട് 1,20,000 വീടുകളിലേക്കും വ്യാപിപ്പിക്കണം
    കേബിൾ, ഡി.ടി.എച്ച്, ഒ.ടി.ടി, കണക്ടഡ് ടി.വി. എന്നിവ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡേറ്റ ശേഖരണം നിർബന്ധം
    ഡേറ്റാ ശേഖരണം ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചാവണം
    ത്രൈമാസിക ആഭ്യന്തര ഓഡിറ്റും വാർഷിക സ്വതന്ത്ര ഓഡിറ്റും നിർബന്ധമാക്കി
    10 ദിവസത്തിനകം പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസറും അപ്പീലറ്റ് സംവിധാനവും നിർബന്ധം
    ടിവി തുറക്കുമ്പോൾ ആദ്യം ലഭിക്കുന്ന കാഴ്ചകൾ (ലാൻഡിങ് പേജ്) റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ല
    നിയമലംഘനങ്ങൾക്ക് താൽക്കാലിക സസ്‌പെൻഷൻ മുതൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ വരെ ശിക്ഷ
    ടി.വി. ചാനലുകൾക്കും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കും വെബ്‌സൈറ്റുകളിൽ പ്രേക്ഷക ഡേറ്റ പ്രസിദ്ധീകരിക്കാം
 

Tags