ഭാര്യ പാകിസ്ഥാന്‍കാരി, താമസിക്കുന്നത് ദാവൂദിന്റെ ബംഗ്ലാവില്‍, സംഘപരിവാറിനെ പൊളിച്ചടുക്കി ധ്രുവ് റാഠി

dhruv rathee
dhruv rathee

ന്യൂഡല്‍ഹി: ഇരുപത് മില്യണോളം യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള അതിപ്രശസ്തനായ വ്യക്തിയാണ് ധ്രുവ് റാഠി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ധ്രുവ് റാഠിയെ അറിയാതിരിക്കില്ല. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ വിവിധ വിഷയങ്ങളില്‍ ആഞ്ഞടിക്കാറുള്ള ധ്രുവ് സംഘപരിവാറിന്റെ നുണപ്രചാരണങ്ങളേയും പൊളിച്ചുകാട്ടാറുണ്ട്.

സോഷ്യല്‍ മീഡിയയിലും യുട്യൂബിലുമെല്ലാം ബിജെപി സര്‍ക്കാരിനെ പുകഴ്ത്തുന്ന വീഡിയോകളും കണ്ടന്റുകളും നിറയുമ്പോഴാണ് വ്യത്യസ്തനായി ഒരു വ്യക്തി ധൈര്യസമേതം നിലകൊള്ളുന്നത്. ഒട്ടേറെതവണ സംഘപരിവാര്‍ ഭീഷണിക്കിരയായ ധ്രുവ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ തന്റെ വീഡിയോകളുമായി സധൈര്യം മുന്നോട്ടുപോകുന്നു. അടുത്തിടെ വിവിധ ഭാഷകളില്‍ തന്റെ ചാനലുകളും ആരംഭിച്ചിട്ടുണ്ട് ധ്രുവ്.

തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ നുണപ്രചാരണം നടത്തുകയെന്ന പതിവ് സംഘപരിവാര്‍ രീതി ധ്രുവ് റാഠിക്കെതിരേയും പുറത്തെടുക്കാന്‍ അവര്‍ മടിച്ചില്ല. ധ്രുവ് റാഠിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും രാജ്യദ്രോഹിയാണെന്നും വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ധ്രുവിന്റെ ഭാര്യ പാകിസ്ഥാന്‍കാരിയാണെന്നും താമസിക്കുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബംഗ്ലാവിലാണെന്നുമാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. ധ്രുവ് റാഠിയുടെ യഥാര്‍ത്ഥ പേര് വ്യത്യസ്തമാണെന്നും ഭാര്യ ജൂലി ഒരു പാകിസ്ഥാന്‍ സ്വദേശി സുലൈഖയാണെന്നുമാണ് പ്രധാന നുണപ്രചരണം. ഇദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

സംഘപരിവാര്‍ പ്രചരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ധ്രുവ് രംഗത്തെത്തി. ഞാന്‍ ഉണ്ടാക്കിയ വീഡിയോകള്‍ക്ക് അവര്‍ക്ക് ഉത്തരമില്ല, അതിനാലാണ് അവര്‍ വ്യാജ പ്രചരണം നടത്തുന്നതെന്ന് ധ്രുവ് പറഞ്ഞു. എന്റെ ഭാര്യയുടെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കാന്‍ നിങ്ങള്‍ എത്രമാത്രം നിരാശനാകണം? ഈ ഐടി സെല്‍ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാര്‍മ്മിക നിലവാരവും നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും ധ്രുവ് പ്രതികരിച്ചു.

ധ്രുവിനെതിരായ നുപ്രചരണത്തില്‍ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപേര്‍ പിന്തുണയുമായെത്തി. ഹരിയാന സ്വദേശിയായ ധ്രുവ് റാഠി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം നടത്തിയത് ജര്‍മ്മനിയിലാണ്. ജീവിതത്തിലും അവരുടെ പങ്കിട്ട വ്‌ലോഗിംഗ് യാത്രയിലും പങ്കാളിയായ ജൂലി ആണ് ഭാര്യ.

 

Tags