രോഹിത്തിനും കോഹ്ലിക്കും മുന്നറിയിപ്പ്, ഈ രണ്ട് ഓസീസ് ബൗളര്‍മാര്‍ക്ക് നിങ്ങളുടെ ദൗര്‍ബല്യമറിയാം

google news
Rohit sharma virat kohli

ന്യൂഡല്‍ഹി: ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. രണ്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയും അഞ്ചു തവണ കിരീടം നേടിയ ഓസ്‌ട്രേലിയയും അഹമ്മദാബാദില്‍ ഞായറാഴ്ച ഏറ്റുമുട്ടുമ്പോള്‍ ആരു ജയിക്കുമെന്ന പ്രവചനം അസാധ്യമാകും. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ ഉജ്വല ഫോമിലാണെങ്കിലും അവസാന മത്സരങ്ങളില്‍ കരുത്തോടെ തിരിച്ചെത്തിയ ഓസ്‌ട്രേലിയ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം ഇന്ത്യക്ക് നിര്‍ണായകമാകുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, സ്റ്റീവ് സ്മിത്ത് എന്നിവരാകും ഓസ്ട്രേലിയന്‍ നിരയിലെ പ്രതീക്ഷ.

120ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 550 റണ്‍സ് നേടിയ രോഹിത് ശര്‍മ ഐസിസി ലോകകപ്പില്‍ മികച്ച ഫോമിലാണ്. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ഓസ്ട്രേലിയന്‍ ടീമിനും പവര്‍പ്ലേയിലെ രോഹിതിന്റെ വീര്യത്തെക്കുറിച്ച് നന്നായി അറിയാം. 133.08 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ആദ്യ 10 ഓവറിനുള്ളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മത്സരങ്ങള്‍ മാറ്റിമറിക്കുന്നത്. രോഹിതിനെ നേരത്തെ പുറത്താക്കാനും കളിയുടെ ഗതി മാറ്റാനുമുള്ള ഉത്തരവാദിത്വം സ്റ്റാര്‍ക്കിനാകും.

ഇടംകൈയ്യന്‍ ബൗളര്‍മാര്‍ക്കെതിരായ രോഹിത്തിന്റെ ദൗര്‍ബല്യം മുതലെടുക്കുകയാകും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഏകദിന കരിയറില്‍ ഇടംകൈയ്യന്‍ പേസര്‍മാര്‍ 33 തവണ രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. അതില്‍ 22 എണ്ണം ആദ്യ 10 ഓവറിനുള്ളിലാണ്. ഈ ലോകകപ്പില്‍ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്ക രോഹിത്തിനെ നേരത്തെ പുറത്താക്കിയിരുന്നു.

ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ  ഫോമില്ലായ്മ മറകടക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍, സെമിയില്‍ ട്രെന്റ് ബോള്‍ട്ടിനെതിരെ ആക്രമിച്ച് കളിച്ച രോഹിത്തിനെ വീഴ്ത്താന്‍ സ്റ്റാര്‍ക്കിന് സാധിക്കുമോയെന്ന് കണ്ടറിയണം.

വിരാട് കോഹ്ലി ഇത്തവണ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടിയ കോഹ്ലി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നു. ഫൈനലിലും കോഹ്ലി തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ജോഷ് ഹസല്‍വുഡ് ആയിരിക്കും ഫൈനലില്‍ കോഹ്ലിയുടെ പ്രധാന വെല്ലുവിളി.

ഏകദിനത്തില്‍ വലംകൈയ്യന്‍ പേസറിനെതിരെ കോഹ്ലി 88 പന്തുകള്‍ നേരിട്ടപ്പോള്‍ അഞ്ചു തവണ പുറത്തായി. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും കോഹ്ലി ഹസല്‍വുഡിന് വിക്കറ്റ് നല്‍കിയാണ് പുറത്തായത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ കാര്യമായ വെല്ലുവിളി നേരിട്ടത് ഓസ്‌ട്രേലിയയ്‌ക്കെതിരെ മാത്രമായിരുന്നു. അന്ന് മൂന്ന് ബാറ്റര്‍മാര്‍ റണ്‍സെടുക്കാതെ പുറത്തായി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുന്‍നിരക്കാരെ തുടക്കത്തില്‍ എറിഞ്ഞിട്ട് മത്സരം സ്വന്തമാക്കാനാകും ഓസ്‌ട്രേലിയ തന്ത്രം മെനയുക.

Tags