വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണം, കുളത്തില്‍ ചാടരുത്, മതതിട്ടൂരത്തിന് മുമ്പില്‍ മുട്ടുകുത്തുമോ സ്ത്രീസ്വാതന്ത്ര്യം, കേരളത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് വലിക്കുന്നതാര്?

Wahab Saqafi Mampad

മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയെ വെള്ളത്തിലേക്ക് തള്ളിയിട്ടതാണ് വിവാദത്തിന് അടിസ്ഥാനം.

കൊച്ചി: മലപ്പുറം അങ്ങാടിപ്പുറത്ത് ഒരു കുളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയെ വെള്ളത്തിലേക്ക് തള്ളിയിട്ടതാണ് വിവാദത്തിന് അടിസ്ഥാനം.

ആദ്യം പഞ്ചായത്ത് അംഗം ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഷബീര്‍ നജ്മ തബ്ഷിറ തള്ളിയിടുകയായിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെ നടന്ന ഈ വേറിട്ട ഉദ്ഘാടനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പലരും ഇതിനെ ഹാസ്യപരവും ജനപ്രതിനിധികളുടെ കളിയായും കണ്ടു. എന്നാല്‍, മതപണ്ഡിതനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട് ഇതിനെതിരെ രംഗത്തെത്തി. വീഴുന്നത് കുളത്തിലേക്ക് മാത്രമല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്ക് കൂടിയാണ്, എന്ന് അദ്ദേഹം പ്രതികരിച്ചു. ലിബറലുകളും നിരീശ്വരവാദികളും മുസ്ലിം പെണ്‍കുട്ടികളെ സ്വാധീനിക്കരുതെന്നും മതനേതാക്കള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലും ഇതേ ശൈലിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇത് വെറും ഒരു ഉദ്ഘാടന വിവാദമല്ല. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും പൊതുജീവിതത്തിലെ പങ്കാളിത്തത്തിനും എതിരായ മതാധികാരത്തിന്റെ തിട്ടൂരമാണ്. നജ്മ തബ്ഷിറ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു. ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്തതുകൊണ്ട് അവരെ ലിബറല്‍ സംസ്‌കാരത്തിലേക്ക് വീഴുന്നവള്‍ എന്ന് മുദ്രകുത്തുന്നത് പുരുഷാധിപത്യ മനോഭാവത്തിന്റെ നഗ്‌നമായ പ്രകടനമാണ്.

അവര്‍ സ്വന്തം തീരുമാനപ്രകാരം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തില്‍ ഇരുത്തിയ വ്യക്തിയാണ്. അവരുടെ പ്രവര്‍ത്തനം മതനിയമങ്ങള്‍ക്ക് വിധേയമാക്കാന്‍ ആരുടെയും അധികാരമില്ല. ഒരു സ്ത്രീ പൊതുവേദിയില്‍ നില്‍ക്കുന്നത്, ചിരിക്കുന്നത്, കളിക്കുന്നത്, നേതൃത്വം വഹിക്കുന്നത് നാശം ആണെന്ന് പറയുന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്നു. മതപണ്ഡിതന്മാരുടെ തിട്ടൂരങ്ങള്‍ക്ക് അതിനെ മറികടക്കാന്‍ കഴിയില്ല.

അടുത്തിടെ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാറിന്റെ സമാനമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ പൊതുവേദിയിലിറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും, പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും, അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു. ഇത്തരം പ്രസ്താവനകള്‍ ഒറ്റപ്പെട്ടതല്ല. ഇത് ഒരു മനോഭാവമാണ്  സ്ത്രീയെ വീട്ടിലടച്ച് നിയന്ത്രിക്കുക, പൊതുജീവിതത്തില്‍ നിന്ന് അകറ്റുക, അവരുടെ ശരീരവും പെരുമാറ്റവും മതനിയമത്തിന്റെ കീഴിലാക്കുക എന്നതാണ് ലക്ഷ്യം.

ആധുനിക യുഗത്തിലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടേ. വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം, കല, കായികം തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറുകയാണ്. മലപ്പുറത്ത് തന്നെ ഒട്ടേറെ മുസ്ലിം സ്ത്രീകള്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നു. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. അത്തരം സ്ത്രീകളെ വഴിതെറ്റുന്നവരായി ചിത്രീകരിക്കുന്നത് അവരുടെ യോഗ്യതയെയും ജനാധിപത്യ അവകാശത്തെയും നിഷേധിക്കലാണ്. മതം വ്യക്തിപരമായ വിശ്വാസമാണ്. അത് പൊതുജീവിതത്തിലെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും മുകളിലല്ല.

മതപണ്ഡിതന്മാരും സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരും ഒരു കാര്യം മനസ്സിലാക്കണം. സ്ത്രീകള്‍ ആരുടെയും അനുവാദം ചോദിച്ച് ജീവിക്കുന്നവരല്ല. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം അവകാശമുണ്ട്. അതിനെ ലിബറല്‍ സംസ്‌കാരം എന്ന് വിളിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് സ്ത്രീശാക്തീകരണത്തെയാണ്.

Tags