ഓവുലേഷന്‍ സമയത്ത് ലൈംഗികതയ്ക്ക് ആരെ കിട്ടിയാലും മതിയെന്ന് കരുതുന്നവരല്ല സ്ത്രീകള്‍, ലൈംഗികതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇവയാണ്

women

സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക വിചാരങ്ങളില്‍ മനസ്സിന് വളരെ വലിയ പങ്കുണ്ട്. ജോലിസ്ഥലത്തെയും കുടുംബത്തിലെയും സമ്മര്‍ദ്ദങ്ങള്‍, ഉത്കണ്ഠ, വിഷാദം എന്നിവ ലൈംഗിക വിചാരങ്ങളെ പെട്ടെന്ന് ഇല്ലാതാക്കും.

സ്ത്രീ ലംഗികാസക്തിയുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് അരങ്ങേറിയത്. സ്ത്രീകള്‍ ഓവുലേഷന്‍ സമയത്ത് ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്ന് കരുതുന്നവരാണെന്ന ഒരാളുടെ പരാമര്‍ശമാണ് വിവാദത്തിനും ചര്‍ച്ചയ്ക്കും ഇടയാക്കിയതെന്നുപറയാം. എന്നാല്‍, ഭൂരിഭാഗം സ്ത്രീകളും ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്.

സ്ത്രീകളുടെ ലൈംഗികാസക്തി കേവലം ഹോര്‍മോണുകളെ അടിസ്ഥാനമാക്കി മാത്രമല്ലെന്നും വൈകാരിക ബന്ധവും പ്രധാനമാണെന്നാണ് ഡോ. മനോജ് വെള്ളനാട് പറയുന്നത്. ഹോര്‍മോണുകള്‍ക്ക് പുറമെ മാനസികം, സാമൂഹികം, ശാരീരികം, പങ്കാളിയുമായുള്ള ബന്ധം എന്നിങ്ങനെ പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒന്നാണ് ലൈംഗികാസക്തി.
 

സ്ത്രീകളിലെ ലൈംഗിക വിചാരങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയൊക്കെയാണ്

1. ഹോര്‍മോണുകള്‍ (ബയോളജിക്കല്‍)

സ്ത്രീകളില്‍ ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍, കൂടാതെ ചെറിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളാണ് ലൈംഗികാസക്തിയെ നിയന്ത്രിക്കുന്നത്. ആര്‍ത്തവ ചക്രത്തിന്റെ പല ഘട്ടങ്ങളില്‍ ഈ ഹോര്‍മോണുകളുടെ അളവ് മാറിക്കൊണ്ടിരിക്കും. സാധാരണയായി ഓവുലേഷന്‍ നടക്കുന്ന സമയത്ത് ഈസ്ട്രജനും ടെസ്റ്റോസ്റ്റിറോണും കൂടുമ്പോള്‍ ലൈംഗിക വിചാരങ്ങള്‍ കൂടാം. കൂടാം എന്നാണ് കൂടിയേ തീരൂ എന്നല്ല. ഗര്‍ഭാവസ്ഥ, പ്രസവശേഷമുള്ള സമയം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ലൈംഗിക വിചാരങ്ങളില്‍ കാര്യമായ കുറവോ മാറ്റങ്ങളോ ഉണ്ടാകാം.

2. മാനസികമായ ഘടകങ്ങള്‍

സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക വിചാരങ്ങളില്‍ മനസ്സിന് വളരെ വലിയ പങ്കുണ്ട്. ജോലിസ്ഥലത്തെയും കുടുംബത്തിലെയും സമ്മര്‍ദ്ദങ്ങള്‍, ഉത്കണ്ഠ, വിഷാദം എന്നിവ ലൈംഗിക വിചാരങ്ങളെ പെട്ടെന്ന് ഇല്ലാതാക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും അപകര്‍ഷതാബോധവും ലൈംഗിക വിചാരങ്ങളെയും താല്പര്യങ്ങളെയും പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാം. അതുപോലെ മുന്‍പുണ്ടായിട്ടുള്ള മോശം അനുഭവങ്ങളോ ട്രോമകളോ (കുഞ്ഞുന്നാളില്‍ ഉണ്ടായ അബ്യൂസ് പോലെ) ലൈംഗിക വിമുഖതയ്ക്ക് കാരണമാകാം.

3. പങ്കാളിയുമായുള്ള ബന്ധം

പുരുഷന്മാരെ അപേക്ഷിച്ച് ഭൂരിഭാഗം സ്ത്രീകളിലും ലൈംഗികത എന്നത് പങ്കാളിയുമായുള്ള വൈകാരിക ബന്ധവുമായി ആഴത്തില്‍ ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. പങ്കാളിയോട് ദേഷ്യമോ പിണക്കമോ വിശ്വാസക്കുറവോ ഉണ്ടെങ്കില്‍ ലൈംഗിക താല്പര്യം കുറയും. അതുപോലെ പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന വൈകാരികമായ പിന്തുണയും സ്‌നേഹവും സ്ത്രീകളില്‍ ലൈംഗിക വിചാരങ്ങളെയും താല്പര്യങ്ങളെയും ഉണര്‍ത്താനും സഹായിക്കും. ലൈംഗികാസക്തി കൂടുമ്പോഴും, സ്ത്രീകള്‍ തങ്ങള്‍ക്ക് വൈകാരികമായോ ശാരീരികമായോ താല്പര്യമുള്ള, വിശ്വാസമുള്ള ഒരു പങ്കാളിയെ മാത്രമേ ആഗ്രഹിക്കാറുള്ളൂ. 

4. സാമൂഹികവും സംസ്‌കാരികവുമായ ഘടകങ്ങള്‍

നാം വളരുന്ന സാഹചര്യം, ലൈംഗികതയെക്കുറിച്ച് ചെറുപ്പം മുതല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍, മതപരമായ വിശ്വാസങ്ങള്‍, ലൈംഗികത ഒരു തെറ്റാണെന്ന രീതിയിലുള്ള ചിന്താഗതികള്‍ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ലൈംഗിക വിചാരങ്ങളെയും അതിന്റെ പ്രകടനങ്ങളെയും സ്വാധീനിക്കാറുണ്ട്.

5. മറ്റ് ശാരീരിക ഘടകങ്ങള്‍

പ്രമേഹം, ഹൃദ്രോഗങ്ങള്‍, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ലൈംഗിക താല്പര്യത്തെ ബാധിക്കാം. അതുപോലെ വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍, പ്രഷറിനുള്ള ചില മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും ലൈംഗിക വിചാരങ്ങള്‍ കുറയ്ക്കാന്‍ കാരണമായേക്കാം.

ഓവുലേഷന്‍ സമയത്ത് സ്ത്രീകളില്‍ മുന്‍പ് സൂചിപ്പിച്ച പോലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ലൈംഗികാസക്തി സ്വാഭാവികമായും കൂടാറുണ്ട് എന്നത് ശരിയാണ്. പരിണാമ സിദ്ധാന്ത പ്രകാരം വംശവര്‍ദ്ധനവിനുള്ള ശരീരത്തിന്റെ ഒരു ജൈവിക പ്രേരണയാണിത്. പക്ഷേ, മനുഷ്യന്‍ വെറുമൊരു ജൈവിക പ്രേരണയാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജീവിയല്ല. സ്വന്തം മൂല്യങ്ങള്‍, വ്യക്തിബന്ധങ്ങള്‍, സാമൂഹികമായ ബോധം എന്നിവയൊക്കെ ഇത്തരം ജൈവിക പ്രേരണകളെ നിയന്ത്രിക്കാന്‍ മനുഷ്യന് കരുത്ത് നല്‍കുന്നുണ്ട്.

മുമ്പും പലപ്രാവശ്യം എഴുതിയിട്ടുള്ള ഒന്നാണ്, യഥാര്‍ത്ഥ ലൈംഗികാവയവം രണ്ട് ചെവികള്‍ക്കിടയിലാണ് ഇരിക്കുന്നത് അഥവാ തലച്ചോര്‍ ആണെന്ന കാര്യം. മേല്‍പ്പറഞ്ഞ ഫാക്റ്ററുകളെല്ലാം വളരെ നോര്‍മലായി നില്‍ക്കുമ്പോഴും ചില മനുഷ്യര്‍ എസെക്ഷ്വല്‍ (asexual) ആയിരിക്കുന്നതിന്റെ കാരണം ഇക്കാര്യത്തില്‍ ഫൈനലായ  തീരുമാനങ്ങള്‍ എടുക്കുന്നത് മുകളിലിരിക്കുന്ന ആളായതു കൊണ്ടാണ്.
 

Tags