ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ജയിൽ മേധാവിയും വിജിലൻസ് അന്വേഷണം നേരിടേണ്ട സാഹചര്യം ? കോടതിയിൽ അന്തിമ വാദം പൂർത്തിയായി
'100 മീറ്റർ ഷോട്ട്പുട്ട് എറിയാൻ കഴിയാത്തവർക്ക് സിഐ പോസ്റ്റോ?'; ബോഡി ബിൽഡർമാരുടെ നിയമനത്തിൽ മുൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജയിൽ മേധാവി എസ് ശ്രീജിത്ത് , ഡിജിപി രവത ചന്ദ്രഗേവർ എന്നിവർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അന്തിമ വാദം കേൾക്കുമ്പോഴാണ് കോടതി രൂക്ഷ വിമർശനം സർക്കാരിനും ഉദ്ദ്യോഗസ്ഥർക്കും എതിരെ ഉയർത്തിയിരിക്കുന്നത്.
കേരള പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ബോഡി ബിൽഡർമാരെ നേരിട്ട് സർക്കിൾ ഇൻസ്പെക്ടർമാരായി നിയമിച്ച നടപടിയിൽ മുൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത് . യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞാണ് കായികക്ഷമതയില്ലാത്ത രണ്ടുപേർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിൽ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഈ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹരജി പരിഗണിക്കവെയാണ് ഇടത് സർക്കാരിനെതിരെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. വിഷയത്തിൽ യു ഡി എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇന്ന് മറുപടി സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
നൂറു മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്തവരെയാണ് ഉന്നത തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. ശാരീരികക്ഷമതാ പരീക്ഷ ജയിക്കാത്ത ഇവർക്ക് നേരിട്ട് സിഐ നിയമനം നൽകിയത്, വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന നിരവധി സബ് ഇൻസ്പെക്ടർമാരുടെ മുകളിലൂടെയാണ്. ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാൻ ചിലർ ശ്രമിക്കുകയാണെന്നും, ആവശ്യമില്ലാത്ത ആളുകളെ നിയമിക്കുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും കോടതി പറഞ്ഞു.
കേരളം കണ്ട എക്കാലത്തെയും മികച്ച രാജ്യാന്തര ഫുട്ബോൾ താരങ്ങളായ ഐ.എം വിജയൻ, ഷറഫലി, കെ.ടി ചാക്കോ എന്നിവർക്ക് പോലും ചട്ടപ്രകാരം എഎസ്ഐ പോസ്റ്റിലാണ് നിയമനം നൽകിയതെന്ന് കോടതി ഓർമിപ്പിച്ചു. അവർ കൃത്യമായി ജോലി ചെയ്താണ് ശമ്പളം വാങ്ങിയത്. എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത രണ്ടുപേർക്ക് നേരിട്ട് സിഐ റാങ്കിലേക്ക് പ്രവേശനം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. സാധാരണഗതിയിൽ ചട്ടപ്രകാരമാണെങ്കിൽ ഇവർക്കും എഎസ്ഐ ആയി മാത്രമേ നിയമനം നൽകാൻ പാടുള്ളൂ.
ഈ നിയമനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ സംഭവിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സ്പോർട്സ് ക്വാട്ട നിയമനത്തിൽ ആദ്യം ക്യാബിനറ്റാണ് തീരുമാനമെടുത്തത്. എന്നാൽ പിന്നീട് ഇവർ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഫയൽ ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തി. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ചെയ്യേണ്ടിയിരുന്നത് ഫയൽ ക്യാബിനറ്റിലേക്ക് തിരിച്ചയക്കുകയോ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ആയിരുന്നു. എന്നാൽ ഇവിടെ അതുണ്ടായില്ല എന്നും ചട്ടങ്ങൾ കർശനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും പൊലീസ് മേധാവിക്കും ജയിൽ മേധാവിയ്ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് നിയമ വിദഗ്ദരും സർക്കാരും ഉറ്റു നോക്കുന്നത്.
.jpg)

