ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം എതിര്‍ക്കുന്നതെന്തിന്? ലൈസന്‍സ് കിട്ടിയയുടന്‍ വാഹനമോടിക്കാനറിയുന്നവര്‍ എത്രപേരുണ്ട്? ഗള്‍ഫ് രാജ്യങ്ങളെ കണ്ടുപഠിക്കണം


കൊച്ചി: സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പ് കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ സമരം നടത്തുകയാണ്. ഇത്തരമൊരു പരിഷ്‌കാരം അംഗീകരിക്കാനികില്ലെന്നും പിന്‍വലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം.
ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ചില ഇളവുകള്‍ മോട്ടോര്‍വാഹനവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും 15 വര്‍ഷത്തിന് മേലെയുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസം സമയം അനുവദിച്ചുമാണ് ഇളവുകള്‍. എന്നാല്‍, ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തോടല്ല സാമ്പത്തിക ബാധ്യതയും ജോലിഭാരവും ഉണ്ടാക്കുന്ന പരിഷ്‌കാരം അതിവേഗം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് സമരമെന്നാണ് ഡ്രൈവിങ് സ്‌കൂളുകാരുടെ വാദം. എന്നാല്‍, പരിഷ്‌കാരത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ സിഐടിയു സമരത്തില്‍നിന്നും പിന്മാറിയിട്ടുണ്ട്. മറ്റു സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും.

നിലവിലെ ഡ്രൈവിങ് ടെസ്റ്റ് പേരിനുമാത്രമാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഡ്രൈവിങ് സ്‌കൂളുകള്‍ ഏജന്റുമാര്‍ വഴി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് പതിവാണ്. പലതവണ സ്‌ക്വാഡുകള്‍ ഇറങ്ങിയെങ്കിലും ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പുകളിലൊന്നായി മോട്ടോര്‍വാഹന വകുപ്പ് തുടരുന്നു.
ഡ്രൈവിങ് പരിഷ്‌കാരം വരുന്നതോടെ ഒരു വ്യക്തിക്ക് ലൈസന്‍സ് കിട്ടുക എളുപ്പമല്ല. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കൈക്കൂലി നല്‍കിയുമുള്ള ഇടപാടുകള്‍ കുറയുമെന്നര്‍ത്ഥം. ഇതാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പറയുന്നവരുമുണ്ട്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരമില്ലാത്ത ടെസ്റ്റും അപരിഷ്‌കൃതമായ ഡ്രൈവിങ്ങുമാണ് കേരളത്തിലുള്ളത്.
ലൈസന്‍സ് കിട്ടിയാലും വാഹനമോടിക്കാനുള്ള പരിചയക്കുറവ് പലപ്പോഴും അപകടത്തിനടയാക്കുന്നു. ഇതേതുടര്‍ന്നാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിലേക്ക് കടക്കുന്നത്. പഴയതുപോലെ 'എച്ച്' എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.
പുതിയ പരിഷ്‌കാരപ്രകാരം ഇരുചക്രവാഹന ലൈസന്‍സ് ടെസ്റ്റ് നടത്തുന്നവര്‍ 95 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള കാല്‍ ഗിയര്‍ഡ് മോട്ടോര്‍സൈക്കിള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇരുചക്രവാഹനങ്ങള്‍ കൈകൊണ്ട് മാറ്റിക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുത്.
മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് ട്രാഫിക്കുള്ള റോഡില്‍ നടത്തണം. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷം വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. നിലവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കി മാറ്റി സ്ഥാപിക്കണം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തണം.
എല്‍എംവി വിഭാഗത്തില്‍ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണവും (വിഎല്‍ടിഡി) ഘടിപ്പിക്കണം. തുടങ്ങിയവയാണ് മറ്റ് പ്രധാന പരിഷ്‌കാരങ്ങള്‍. കൂടാതെ, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകൃത സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ളവയോ നടത്തുന്ന മോട്ടോര്‍ മെക്കാനിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
പുതിയ പരിഷ്‌കാരങ്ങള്‍ ഡ്രൈവിങ്ങിലെ അപാകത ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ലൈസന്‍സ് കിട്ടിയയുടന്‍ ആത്മവിശ്വാസത്തോടെ വാഹനമോടിക്കാന്‍ ഈ മാറ്റങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ലൈസന്‍സ് കടമ്പ കടക്കുക എത്രമാത്രം പ്രയാസകരമാണെന്ന് മലയാളികള്‍ക്ക് അറിയാം. എന്നാല്‍, കേരളത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പോലും സമരവുമായി രംഗത്തിറങ്ങുന്നത് ആശാസ്യമല്ല.