മമ്മൂട്ടി ജ്യോതിക ചിത്രം കാതല്‍ ദി കോര്‍ ഗള്‍ഫില്‍ നിരോധിച്ചതെന്തിന്? സിനിമയുടെ കഥ ഇങ്ങനെ

kaathal the core
kaathal the core

കൊച്ചി: ഏറെ പ്രതീക്ഷയോടെ റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 23ന് റിലീസിനൊരുങ്ങുന്ന സിനിമ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനകം തന്നെ വിലക്കിയിട്ടുണ്ട്. കുവൈത്തിനും ഖത്തറിനും പിന്നാലെ യുഎഇയിലും വിലക്ക് വന്നതോടെ കാരണമെന്തെന്ന് അന്വേഷിക്കുകയാണ് ആരാധര്‍.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ പേരെടുത്ത ജിയോ ബേബിയാണ് കാതല്‍ ദ കോര്‍ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ കഥ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ടതാണ് നിരോധനത്തിന് പിന്നിലെന്നാണ് സൂചന.

ചിത്രത്തിന്റെ കഥാ സംഗ്രഹം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ജോര്‍ജ് ദേവസ്സി എന്ന മമ്മൂട്ടി കഥാപാത്രം അടുത്തിടെ ഒരു സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ ഓമന (ജ്യോതിക) മകള്‍, ജെറോജിന്റെ അച്ഛന്‍ ദേവസ്സി എന്നിവരോടൊപ്പമാണ് താമസം. ഒരു ഞായറാഴ്ച രാവിലെ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോര്‍ജ് തീരുമാനിക്കുകയും നാമനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, രണ്ട് ദിവസത്തിന് ശേഷം, അതേ ഗ്രാമത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന സുഹൃത്ത് തങ്കനുമായി ജോര്‍ജ്ജ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വവര്‍ഗരതിയിലാണെന്ന് പറഞ്ഞ് ഭാര്യ ഓമന കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. വാര്‍ത്ത. ഗ്രാമമാകെ കാട്ടുതീ പോലെ പടരുന്നു, ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം സംശയാസ്പദമായതോടെ ആരോപണം വലിയ പ്രശ്‌നമായി മാറുന്നു. ഓമന ജോര്‍ജിന്റെ ലൈംഗികാഭിമുഖ്യം ഒരു കുറ്റകൃത്യമായി കാണുന്നില്ല, വിവാഹമോചനം മാത്രമാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ ജോര്‍ജ്ജ് ഈ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ മാനസികാവസ്ഥയുടെ രാഷ്ട്രീയമാണ് സിനിമ അന്വേഷിക്കുന്നത്.

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കനും ഛായാഗ്രഹണം സാലു കെ തോമസും എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും നിര്‍വ്വഹിച്ചിരിക്കുന്നു.

Tags