ജെറുസലേമില്‍ ആദ്യമെത്തിയത് ആര്? ക്രിസ്ത്യാനികളുടേയും ജൂതന്മാരുടേയും മുസ്ലീങ്ങളുടേയും വിശുദ്ധ ഭൂമിയായത് എങ്ങിനെ?

jerusalem
jerusalem

 

ന്യൂഡല്‍ഹി: 'വിശുദ്ധം' അല്ലെങ്കില്‍ 'വിശുദ്ധ സങ്കേതം' എന്നര്‍ഥമുള്ള പേരാണ് ജറുസലേം. ഹീബ്രു ഭാഷയില്‍ യെരുശലേം എന്നും അറബിയില്‍ അല്‍ ഖുദ്‌സ് എന്നും ജറുസലേം അറിയപ്പെട്ടു. അതിപുരാതന ചരിത്രമുള്ള ഭൂമിയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജറുസലേം ഏറ്റവും കൂടുതല്‍ ആക്രമത്തിനിരയായ പ്രദേശം കൂടിയാണ്. ക്രിസ്തുമതക്കാരും ജൂതന്മാരും ഇസ്ലാം വിശ്വാസികളുമെല്ലാം ഈ പ്രദേശം സ്വന്തമാക്കാനായി ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു.

tRootC1469263">

ആവര്‍ത്തിച്ച് കീഴടക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണിത്. ലോകത്തിലെ ഏറ്റവും പവിത്രമായ നഗരമായും ജറുസലേം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഇസ്രായേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം ജറുസലേം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ്.

പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ജറുസലേമില്‍ ആദ്യത്തെ മനുഷ്യവാസം നടന്നത് വെങ്കലയുഗത്തിന്റെ തുടക്കത്തിലാണ്. അതായത് ഏകദേശം 3500 ബിസിയില്‍. ബിസി 1000ല്‍ ഡേവിഡ് രാജാവ് ജറുസലേം കീഴടക്കി ജൂത രാജ്യത്തിന്റെ തലസ്ഥാനമാക്കിയെന്നും പറയപ്പെടുന്നു. ദാവീദ് രാജാവ് ജറുസലേം പിടിച്ചടക്കി 40 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ നിര്‍മ്മിച്ചതാണ് ആദ്യത്തെ വിശുദ്ധ ക്ഷേത്രം എന്ന് വിശ്വസിക്കുന്നു.

586-ല്‍ ബാബിലോണിയക്കാര്‍ ഈ ക്ഷേത്രം നശിപ്പിച്ചു. ആദ്യത്തെ ക്ഷേത്രത്തിന്റെ വിശദമായ വിവരണങ്ങള്‍ ബൈബിള്‍ സ്രോതസ്സുകളില്‍ കാണപ്പെടുന്നു. എന്നാല്‍, പുരാവസ്തു തെളിവുകളൊന്നും ഇന്നുവരെ കണ്ടെത്തിയിട്ടില്ല. ബാബിലോണിയക്കാര്‍ ജറുസലേം പിടിച്ചടക്കിയതിനുശേഷം അവര്‍ ക്ഷേത്രം നശിപ്പിക്കുകയും ജൂതന്മാരെ നാടുകടത്തുകയും ചെയ്തു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം പേര്‍ഷ്യന്‍ രാജാവായ സൈറസ് യഹൂദന്മാരെ യെരൂശലേമിലേക്ക് മടങ്ങാനും അവരുടെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു.

ബിസി 332-ല്‍ മഹാനായ അലക്‌സാണ്ടര്‍ ജറുസലേമിനെ കൈയടക്കിയതിനുശേഷം, റോമാക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍, ഫാത്തിമിഡുകള്‍, സെല്‍ജുക് തുര്‍ക്കികള്‍, കുരിശുയുദ്ധക്കാര്‍, ഈജിപ്തുകാര്‍, മംലൂക്കുകള്‍, ഇസ്ലാമിസ്റ്റുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ 100 വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്ത് എത്തുകയുണ്ടായി.

ജറുസലേമിന്റെ ആധുനിക ചരിത്രത്തില്‍ പറയുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഗ്രേറ്റ് ബ്രിട്ടന്‍ ആണ് ഈ ഭൂമി സ്വന്തമാക്കുന്നത് എന്നാണ്. പിന്നീട് 1948ല്‍ പലസ്തീനും ഇസ്രായേലുമായി വിഭജിക്കപ്പെട്ടു. ഇതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്.

ജറുസലേം ക്രിസ്തുമതക്കാര്‍ക്കും ജൂതന്മാര്‍ക്കും മുസ്ലീം വിശ്വാസികള്‍ക്കുമെല്ലാം വിശുദ്ധ നഗരമാകുന്നത് എന്തുകൊണ്ടെന്നതില്‍ പല ഐതിഹ്യങ്ങളുമുണ്ട്. ലോകമെങ്ങുനിന്നുമുള്ള വിശ്വാസികള്‍ ജറുസലേമില്‍ എത്തുന്നു. യുഎന്‍ അധീനതയിലുള്ള ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്.

ജറുസലേമിലെ കുന്നിന്‍ മുകളിലെ ടെമ്പിള്‍ മൗണ്ടാണ് വിശ്വാസികള്‍ എത്തുന്ന പ്രധാന പ്രദേശം. വെസ്റ്റേണ്‍ വാള്‍, ഡോം ഓഫ് ദ റോക്ക്, അല്‍-അഖ്സ മസ്ജിദ് എന്നിങ്ങനെ മൂന്ന് മതങ്ങളുടേയും വിശ്വാസ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 35 ഏക്കര്‍ വിസ്തൃതിയുള്ള ഒരു സ്ഥലമാണിത്.

യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണ് ടെമ്പിള്‍ മൗണ്ട് എന്ന് പറയപ്പെടുന്നു. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിന്റെ ബലിസ്ഥലമായി യഹൂദര്‍ വിശേഷിപ്പിക്കുന്ന പ്രദേശമാണിത്. യഹൂദ ഇതിഹാസമനുസരിച്ച്, അബ്രഹാം തന്റെ മതവും വിശ്വാസവും തെളിയിക്കാനുള്ള ദൈവത്തിന്റെ ആവശ്യപ്രകാരം മകന്‍ ഐസക്കിനെ ബലിയര്‍പ്പിക്കാന്‍ പോയി. എന്നാല്‍, ദൈവം അവനുവേണ്ടി പ്രത്യക്ഷപ്പെടുകയും അവന്റെ മകനെ മോചിപ്പിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം.

ഒന്നും രണ്ടും ക്ഷേത്രങ്ങളുടെ സ്ഥാനം കൂടിയാണ് ഈ സ്ഥലം. ഇവിടെ മുമ്പ് പല യഹൂദ പ്രവാചകന്മാരും പ്രസംഗിച്ചു. യഹൂദന്മാര്‍ക്ക് വിശുദ്ധ മന്ദിരത്തോട് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഏറ്റവും അടുത്തുള്ള സ്ഥലമായി വെസ്റ്റേണ്‍ വാള്‍ കണക്കാക്കപ്പെടുന്നു.

ടെമ്പിള്‍ മൗണ്ട് ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയിലെ മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ പ്രദേശമാണിത്. ഇവിടെനിന്നാണ് പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗത്തിലേക്ക് കയറിയതെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. ജറുസലേമില്‍, ഹറാം അല്‍-ഷെരീഫ് അല്ലെങ്കില്‍ നോബല്‍ സാങ്ച്വറി എന്ന് വിളിക്കപ്പെടുന്ന പീഠഭൂമിയിലെ ഡോം ഓഫ് റോക്ക്, അല്‍-അഖ്‌സ മസ്ജിദ് മുസ്ലീങ്ങള്‍ക്ക് അതിവിശുദ്ധമായ സ്ഥലമാണ്.

എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടുകയും ചെയ്തു.

ജറുസലേം തങ്ങളുടെ വിശ്വാസത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. ബൈബിളിലെ പഴയ നിയമത്തില്‍ വിവിധ പ്രവാചകന്മാര്‍ ഈ സ്ഥലം സന്ദര്‍ശിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് ഇവിടം യേശു സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. ജെറുസലേമില്‍ ക്രിസ്തു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എത്തിയിരുന്നു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ സുഖപ്പെടുത്തുകയും ചെയ്തത് ഇവിടെവെച്ചാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. യേശുവിനെ ക്രൂശിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്ഥലമാണ് ഹോളി സെപല്‍ച്ചര്‍ ചര്‍ച്ച് എന്നാണ് ക്രിസ്തുമതക്കാര്‍ വിശ്വസിക്കുന്നത്.

ചരിത്രപരമോ ഐതിഹ്യമോ എന്ന് കൃത്യമായി പറയാനാവാത്ത തരം പ്രാചീന കഥകളിലൂടെയാണ് പലപ്പോഴും ഈ മതങ്ങള്‍ തങ്ങള്‍ക്ക് ജെറുസലേമുമായുള്ള ബന്ധത്തിന്റെ പവിത്രത അവതരിപ്പിക്കുന്നത്.

 

 

Tags