ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ ദുര്‍ബലരെ ബാങ്കിലേക്ക് തള്ളിവിടുന്ന യുഡിഎഫ്, വയോജനങ്ങള്‍ എല്ലാ മാസവും ബാങ്കിലെത്തണം, ചെറിയ ലാഭത്തിനുവേണ്ടി പാവങ്ങളെ ദുരിതത്തിലാക്കണോ?
ബാങ്ക് അക്കൗണ്ടിലേക്ക് തുക വന്നാലും അത് മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. പല ബാങ്കുകളിലും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സഹകരണ ബാങ്കുകള്‍ വഴി വീട്ടുപടിക്കല്‍ പെന്‍ഷന്‍ എത്തിച്ചിരുന്ന സംവിധാനം നിര്‍ത്തലാക്കി, കിടപ്പുരോഗികളൊഴികെ എല്ലാവര്‍ക്കും ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യുന്ന (ഡിബിടി) രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.
62 ലക്ഷത്തോളം ഗുണഭോക്താക്കളില്‍ ഏകദേശം 23 ലക്ഷം പേരെയെങ്കിലും ഇത് നേരിട്ട് ബാധിക്കും. പത്തുവര്‍ഷമായി നിലനിന്ന ജനസൗഹൃദ സംവിധാനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രായമായവരെയും ദുര്‍ബലരേയും വീണ്ടും ബാങ്ക് ക്യൂവിലേക്ക് തള്ളിവിടുന്ന നടപടിയാണ് ഇതെന്ന ആരോപണമുയരുന്നതില്‍ അത്ഭുതമില്ല.
സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണത്തില്‍ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം, രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാത്തത്, ഒരേ ആള്‍ക്ക് ഒന്നിലധികം തവണ പെന്‍ഷന്‍ കിട്ടുന്നത്, കേന്ദ്ര ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യത തുടങ്ങിയ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിബിടി ഏര്‍പ്പെടുത്തിയാല്‍ സുതാര്യത വര്‍ധിക്കും, ചെലവ് കുറയും എന്നും വാദം. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഫണ്ട് നഷ്ടപ്പെടുമെന്ന ഭീഷണിയും ചൂണ്ടിക്കാണിക്കുന്നു.
ഇത് ഭാഗികമായി ശരിയായിരിക്കാം. മുന്‍കാലങ്ങളില്‍ തട്ടിപ്പുകളും അനധികൃത വിതരണവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പരിഹാരം വീട്ടുപടിക്കല്‍ സേവനം പൂര്‍ണമായി നിര്‍ത്തലാക്കലല്ല. കിടപ്പുരോഗികള്‍ക്ക് മാത്രം ഒഴിവ് നല്‍കിയത് മറ്റുള്ളവരെ അവഗണിക്കുന്നതിന് തുല്യമാണ്. പല പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഇവര്‍ എല്ലാ മാസവും ബാങ്കിലെത്തുകയെന്നത് അപ്രായോഗികമാണ്.
പ്രായമായവര്‍ക്ക് ദൂരയാത്ര, നീണ്ട ക്യൂ എന്നിവ വലിയ തടസ്സമാണ്. ആധാര്‍ ബാങ്ക് ലിങ്ക്, കെവൈസി അപ്‌ഡേറ്റ് തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും സഹായമില്ല. ഇതിനകം തന്നെ പലരും ബാങ്കിങ് സംവിധാനത്തില്‍ അപരിചിതരാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ മാറ്റം കാരണം പെന്‍ഷന്‍ ലഭിക്കുന്നതില്‍ കാലതാമസമോ നഷ്ടമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ബാങ്ക് അക്കൗണ്ടിലേക്ക് തുക വന്നാലും അത് മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. പല ബാങ്കുകളിലും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. പാലിക്കാത്തപക്ഷം പിഴ ഈടാക്കും. മുന്‍കാലങ്ങളില്‍ പെന്‍ഷന്‍ തുകയില്‍ നിന്ന് തന്നെ വലിയ തുക പിഴയായി കുറച്ച് മാറ്റിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജന്‍ധന്‍ അല്ലെങ്കില്‍ ബേസിക് സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലെങ്കിലും, എല്ലാവര്‍ക്കും അത്തരം അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഉറപ്പില്ല. പെന്‍ഷന്‍ തുക ചെറുതായതിനാല്‍, ചെറിയ പിഴ പോലും വലിയ ബുദ്ധിമുട്ടാണ്. ബാങ്കുകളുടെ സേവന നിലവാരവും ഗ്രാമപ്രദേശങ്ങളിലെ ശാഖകളുടെ അഭാവവും പ്രശ്‌നം വഷളാക്കുന്നു.
ക്ഷേമ പെന്‍ഷന്‍ ഒരു ഔദാര്യമല്ല, അര്‍ഹതയാണ്. ദുര്‍ബലരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. പകരം, ഭരണസൗകര്യത്തിനും കേന്ദ്ര മാനദണ്ഡങ്ങള്‍ക്കും മുന്‍ഗണന നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, ഇത് പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള ആദ്യ ചുവടുവെപ്പായി മാറിയേക്കാം.
സര്‍ക്കാര്‍ ഉടന്‍ തന്നെ പുനരവലോകനം നടത്തണം. കിടപ്പുരോഗികള്‍ക്കപ്പുറം ശാരീരികമായും സാമൂഹികമായും ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടുപടിക്കല്‍ സേവനം തുടരുകയോ, ബാങ്കുകളിലൂടെ തന്നെ ഡോര്‍സ്റ്റെപ്പ് ബാങ്കിങ് സൗകര്യം ഉറപ്പാക്കുകയോ ചെയ്യണം. അല്ലെങ്കില്‍, ഈ തീരുമാനം ലക്ഷക്കണക്കിന് പ്രായമായവരുടെയും ദരിദ്രരുടെയും ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കും. യുപിഐ ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കുവഴിയും അല്ലാത്തവര്‍ക്ക് നേരിട്ടും നല്‍കുന്ന സംവിധാനമാണ് പ്രായോഗികം.
.jpg)

