ഇങ്ങനെയും വിവാഹം !! വധുവിനെ കൂട്ടാൻ വരനെത്തിയത് ഒമ്പത് സെപ്റ്റിക് ടാങ്ക് ലോറികളുമായി
വിവാഹ ഘോഷയാത്രകൾക്കായി ആഡംബര കാറുകളും പൂക്കളാൽ അലങ്കരിച്ച വാഹനങ്ങളുമാണ് സാധാരണയായി നാം കണ്ടുവരുന്നത്. എന്നാൽ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നടന്ന ഒരു വിവാഹം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി . തന്‍റെ തൊഴിലിനോടുള്ള ആദരസൂചകമായി ഒൻപത് സെപ്റ്റിക് ടാങ്ക് ലോറികളുമായാണ് വരൻ പാൻ ഹാവോനാൻ വധുവിനെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയത്.

മുപ്പതുകാരനായ പാൻ ഹാവോനാൻ ഫിലിം എഡിറ്റിംഗിൽ ബിരുദധാരിയാണ്. സ്വന്തമായി തുടങ്ങിയ സ്റ്റാർട്ടപ്പ് പരാജയപ്പെട്ടതോടെയാണ് 2023 -ൽ അദ്ദേഹം പിതാവിന്‍റെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ബിസിനസ്സിൽ പങ്കുചേരാൻ തീരുമാനിക്കുകയായിരുന്നു. മലിനജല സംസ്‌കരണ മേഖലയിൽ 20 വർഷത്തിലേറെ പരിചയ സമ്പത്തുള്ള തന്‍റെ പിതാവിനെ സഹായിക്കാൻ പാൻ എത്തിയപ്പോൾ, ഈ തൊഴിലിലെ കഷ്ടപ്പാടുകൾ ഓർത്ത് മാതാപിതാക്കൾ ആദ്യം എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്‍റെ ജോലിയിൽ അഭിമാനം കണ്ടെത്തിയ പാൻ അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

തന്‍റെ വിവാഹത്തിന് സെപ്റ്റിക് ടാങ്ക് ലോറികൾ ഉപയോഗിക്കണമെന്ന പാനിന്‍റെ ആഗ്രഹം കേട്ട് വധു ലി യാക്കിംഗ് അത്ഭുതപ്പെട്ടില്ല. ആ ആശയത്തെ അവർ പൂർണ്ണമായി പിന്തുണച്ചു. കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കുന്ന പാനിന്‍റെ ജോലി മറ്റേതൊരു പ്രൊഫഷനെയും പോലെ മാന്യമാണെന്നും ഈ യാത്ര തനിക്ക് വളരെ മനോഹരമായി തോന്നിയെന്നും ലി പറഞ്ഞു. പാനിന്‍റെ മാതാപിതാക്കൾക്ക് ആദ്യം ഈ കാര്യത്തിൽ മടിയുണ്ടായിരുന്നെങ്കിലും വധുവിന്‍റെയും വരന്‍റെയും ഉറച്ച തീരുമാനം അവർ അംഗീകരിക്കുകയായിരുന്നു.

മാർച്ച് 28-ന് നടന്ന വിവാഹത്തിനായി ഒൻപത് ലോറികളാണ് ഒന്നിന് പുറകെ ഒന്നായി അണിനിരന്നത്. രണ്ട് ലോറികൾ സ്വന്തം കമ്പനിയിലേതും ബാക്കിയുള്ളവ സഹപ്രവർത്തകരുടേതുമായിരുന്നു. വാഹനങ്ങൾ ചുവന്ന കടലാസ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ വാർത്തയ്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലിന്‍റെ മഹത്വം ഉയർത്തിപ്പിടിച്ച പാനിനെയും അദ്ദേഹത്തിന് പിന്തുണ നൽകിയ ലിയെയും നിരവധിപ്പേർ അഭിനന്ദിച്ചു.
.jpg)


