ഇലക്ടിസിറ്റി ബില്ലില്‍ ഒറ്റയടിക്ക്‌1000 രൂപവരെ കുറയ്ക്കാം, ഈ ഒറ്റ കാര്യം ചെയ്താല്‍ മതി

electricity bill

മലയാളികളുടെ എന്നുമുള്ള പരാതിയാണ് ഇലക്ട്രിസിറ്റി ബില്ലിലെ വര്‍ധന. ഒരു സാധാരണക്കാരന് രണ്ടുമാസം കൂടുമ്പോള്‍ ശരാശരി 1,500 രൂപയെങ്കിലും ബില്ലടക്കാന്‍ മാറ്റിവെക്കേണ്ടിവരുന്നു. ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കൂടുന്തോറും ഇത് 5,000 രൂപവരെയായി ഉയരാം. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ വൈദ്യൂതി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ ബില്ലിനത്തില്‍ വന്‍തുക മിച്ചംവെക്കാം.

വൈദ്യുതി ബില്ലില്‍ 500 മുതല്‍ 1,000 രൂപ വരെ കുറയ്ക്കാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി. പഴയ വൈദ്യുതോപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുക. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും മാറ്റുന്ന കാര്യമല്ല. 10 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് നിങ്ങളുടെ ഫ്രിഡ്ജ് എങ്കില്‍ വൈദ്യുതി നന്നായി വലിച്ചെടുക്കും. ഫ്രിഡ്ജ്, എസി തുടങ്ങിയ 10 വര്‍ഷത്തിലേറെയാല്‍ മാറ്റുന്നതാണ് ഉചിതം. പുതിയവ വാങ്ങാന്‍ ചെലവാകുന്ന തുക ഒന്നരവര്‍ഷംകൊണ്ട് വൈദ്യുതിബില്ലിലൂടെ തിരിച്ചുപിടിക്കാനും സാധിക്കും.

പല റഫ്രിജറേറ്ററുകളുടേയും ഫ്രീസറുകള്‍ 15-20 വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തിക്കും. എന്നാല്‍, തകരാറൊന്നുമില്ലെങ്കിലും റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ വളരെ ചെലവ് കൂടുമ്പോള്‍ അത് മാറ്റിസ്ഥാപിക്കുന്നതാണ് ഉചിതം. പഴയ ഫ്രിഡ്ജുകള്‍ പുതിയതും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായതിനേക്കാള്‍ അഞ്ചിരട്ടി വൈദ്യുതി ഉപയോഗിച്ചേക്കാം. അതുകൊണ്ടുതന്നെ 5 സ്റ്റാറുള്ള പുതിയ റഫ്രിഡ്ജറേറ്ററുകള്‍ വാങ്ങി വൈദ്യുതി ബില്‍ ലാഭിക്കാം.

വൈദ്യുതി ബില്‍ ലാഭിക്കാന്‍ വേറേയും മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ എല്ലാ ബള്‍ബുകളും എല്‍ഇഡിയിലേക്ക് മാറ്റുക. കൂടാതെ, സ്മാര്‍ട്ട് വീട്ടുപകരണങ്ങളിലേക്ക് മാറുന്നത് വീട്ടിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. സ്മാര്‍ട്ട് ഉപകരണങ്ങള്‍ സാധാരണയായി റിമോട്ട് കണ്‍ട്രോള്‍ സഹിതമാണ് വരുന്നത്. അത് ഓണാക്കാനും ഓഫാക്കാനും ഷെഡ്യൂള്‍ സജ്ജീകരിക്കാന്‍ നിങ്ങളെ സഹായിക്കും.

വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫാനുകള്‍ മാറ്റി ബിഎല്‍ഡിസി ഫാനുകളിലേക്ക് മാറിയാല്‍ വൈദ്യുതി ബില്‍ കുത്തനെ കുറയും. ഡിസി ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ്ലെസ്സ് ഡയറക്ട് കറന്റ് മോട്ടോറുകള്‍ ഘടിപ്പിച്ച ഈ ഫാനുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ഇന്‍ഡക്ഷന്‍ മോട്ടോര്‍ അധിഷ്ഠിത ഫാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഫാനുകള്‍ 60% വരെ വൈദ്യുതി ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും. ഫാന്‍ ഓണാക്കാനും ഓഫാക്കാനുമുള്ള റിമോട്ട് കണ്‍ട്രോള്‍, ടൈമര്‍ പ്രവര്‍ത്തനം, വോയ്സ് അസിസ്റ്റന്റ് എന്നിവ പോലുള്ള അധിക ഉപയോക്തൃ സേവനവും ഇപ്പോഴുണ്ട്.

എസിയുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനം വേനല്‍ക്കാലത്ത് പലരുടേയും കറന്റ് ബില്ലുകള്‍ കുത്തനെ ഉയര്‍ത്തും. എന്നാല്‍, 24 ഡിഗ്രി സെല്‍ഷ്യസില്‍ എല്ലായിപ്പോഴും എസി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഊര്‍ജ്ജ ചെലവ് കുറയ്ക്കാന്‍ കഴിയും. എസി ഓണാക്കാനും ഓഫാക്കാനും ഒരു ടൈമര്‍ ഉപയോഗിക്കാന്‍ ശീലിക്കണം. കൂടാതെ നിങ്ങളുടെ പഴയ എസിക്ക് പകരം 5 സ്റ്റാര്‍ ബിഇഇ റേറ്റിംഗ് ഉള്ള പുതിയ ഒന്ന് വാങ്ങുന്നത് നന്നായിരിക്കും.

നിങ്ങളുടെ വീട്ടുപകരണങ്ങള്‍ പരിപാലിക്കുന്നതും അവ പതിവായി സര്‍വീസ് ചെയ്യുന്നതും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അറ്റകുറ്റപ്പണികള്‍ നടത്താത്ത വീട്ടുപകരണങ്ങള്‍ക്ക് വളരെയധികം കറന്റ് ആവശ്യമായിവരും.

വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരവും കാര്യക്ഷമവുമായ മറ്റൊരു മാര്‍ഗ്ഗം, ഉപയോഗിക്കാത്തപ്പോള്‍ ലൈറ്റുകള്‍, ഫാനുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്.

 

Tags