വായ്‌നാറ്റം ബുദ്ധിമുട്ടിക്കുന്നോ, ഇതാ സുഗന്ധമുള്ള ശ്വാസത്തിന് ചില എളുപ്പ മാര്‍ഗങ്ങള്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

bad breath

ആത്മവിശ്വാസം എന്നത് നമ്മുടെ വ്യക്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും ബഹിര്‍സ്ഫുരണമാണ്. അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നു. ആത്മവിശ്വാസക്കുറവ് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് പോലും ആത്മവിശ്വാസക്കുറവ് നിങ്ങളെ പിന്തിരിപ്പിക്കുന്നു. നിങ്ങളുടെ ജോലിയേയും സാമൂഹിക ഇടപെടലിനേയുമെല്ലാം ഇത് ബാധിച്ചേക്കാം.

വായ്നാറ്റം അല്ലെങ്കില്‍ ദുര്‍ഗന്ധമുള്ള ശ്വാസം ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്ന വിഷയങ്ങളിലൊന്നാണ്. എന്നാല്‍, ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വീണ്ടെടുത്ത് മറ്റുള്ളവരുമായി ഇടപെടാന്‍ സാധിക്കും. വായ് നാറ്റത്തിന് കാരണമാകുന്ന പല ഘടകങ്ങളുണ്ട്. അവ കണ്ടെത്തി ഓരോന്നും അനുയോജ്യമായ രീതിയില്‍ പരിഹരിക്കുകയാണ് അഭികാമ്യം.

ചില ഭക്ഷണങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാന്‍ കാരണമായേക്കാം. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ ഹാലിറ്റോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭക്ഷണങ്ങളുടെ പ്രശ്‌നം എന്തെന്നാല്‍, ഇവയുടെ അവശിഷ്ടങ്ങള്‍ ബാക്ടീരിയകള്‍ സൃഷ്ടിക്കുകയും നമ്മള്‍ സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഈ ബാക്ടീരിയകള്‍ പുറത്തുവരുന്നു എന്നതുമാണ്. അതായത് നിങ്ങള്‍ ഭക്ഷണം കഴിച്ച് പല്ല് തേച്ചതിന് ശേഷവും ദുര്‍ഗന്ധം നീണ്ടുനില്‍ക്കും. അതുകൊണ്ടുതന്നെ വായ്‌നാറ്റമുള്ളവര്‍ ഈ ഭക്ഷണം ഒഴിവാക്കുകയാകും നല്ലത്.

പുകയില നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ ശ്വാസത്തിനും ദോഷകരമാണ്. അത് നിങ്ങളുടെ വായില്‍ ദുര്‍ഗന്ധത്തിന് കാരണമാകും. അതുകൊണ്ടുതന്നെ പുകവലി ശീലം ഒഴിവാക്കേണ്ടതാണ്.

ശരിയായ രീതിയില്‍ ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കാതിരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ധാരാളം ബാക്ടീരിയകള്‍ നമ്മുടെ വായിലുണ്ടാകും. നിങ്ങളുടെ പല്ലും മോണയും മാത്രമല്ല ബ്രഷ് ചെയ്യേണ്ടത്. വായിലെ ബാക്ടീരിയകള്‍ എവിടെയും അതിജീവിക്കാന്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ നാവ് ഉള്‍പ്പെടെ ബ്രഷ് ചെയ്യേണ്ടതുണ്ട്. ഇതിനായി നാവ് സ്‌ക്രാപ്പറുകളും ഉപയോഗിക്കാം.

വായില്‍ അവശേഷിക്കുന്ന ഭക്ഷണ കണികകള്‍ നീക്കം ചെയ്യുന്നതില്‍ ഉമിനീര്‍ പ്രധാനമാണ്. തുടര്‍ച്ചയായി വായ വരണ്ടിരുന്നാല്‍ അത് ദുര്‍ഗന്ധ ശ്വാസത്തിനിടയാക്കും. വയറ്റിലോ ശ്വാസകോശത്തിലോ ഉള്ള മറ്റ് അസുഖം കാരണമോ പ്രമേഹം മൂലമോ വായ്‌നാറ്റം ഉണ്ടാകാം.

ബാക്ടീരിയയേയും ദുര്‍ഗന്ധശ്വാസത്തേയും ഇല്ലാതാക്കുന്നതിന് ദന്തഡോക്ടര്‍ അംഗീകരിച്ച മൗത്ത് വാഷും ച്യൂയിംഗവും ഉപയോഗിക്കാം. വായ സ്ഥിരമായി വരണ്ടതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍, ദന്തഡോക്ടറെ കാണണം.

വായ്‌നാറ്റം അനുഭവിക്കുന്ന ഏതൊരാള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ ഇടപെടാന്‍ ബുദ്ധിമുട്ടാകും. ഇവര്‍ ആളുകളുടെ അടുത്ത് നില്‍ക്കാന്‍ ഭയപ്പെടുന്നു. സംസാരിക്കുമ്പോള്‍ വായ് പൊത്തുകയോ താഴേക്ക് നോക്കുകയോ ചെയ്യുന്നു. വായ്‌നാറ്റം ഇല്ലാതാക്കുകയാണെങ്കില്‍, ആളുകളുടെ കണ്ണുകളിലേക്ക് നോക്കാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. സാമൂഹികവും തൊഴില്‍പരവുമായ സാഹചര്യങ്ങളില്‍ തിളങ്ങാനും കഴിയും.

Tags